വയനാട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് മങ്കിപോക്സില്ല

കൽപ്പറ്റ: വയനാട് ജില്ലയില്‍ മങ്കി പോക്സ് സംശയത്തോടെ മാനന്തവാടി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയിലെ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. ഇതോടെ യുവതിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ മങ്കിപോക്സ് കേസാണിത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് ഒൻപത് മങ്കിപോക്സ് കേസുകളാണ്.

കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ചതിന് സമാനമായ മാർഗ്ഗങ്ങളിലൂടെ മങ്കി പോക്സ് പ്രതിരോധവും നടപ്പിലാക്കാനാണ് കേന്ദ്രത്തിൻറെ നീക്കം. ഇതിനിടെ മങ്കി പോക്‌സ് വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പൂനെവാല അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അധർ പുനെവാലയുടെ പ്രതികരണം.

Top