യുഎസിൽ ബാറിൽ കയറുന്നതു നിഷേധിച്ചതിന് അഞ്ചു പേർക്കു നേരെ വെടിയുതിർത്ത് യുവതി

ഡെൻവർ (യുഎസ്) : യുഎസിൽ ബാറിൽ കയറുന്നതു നിഷേധിച്ചതിനെ തുടർന്ന് അഞ്ചു പേർക്കു നേരെ യുവതി വെടിയുതിർത്തു. ഡെൻവറിൽ ബാറിനു പുറത്ത് ക്യൂ നിൽക്കുകയായിരുന്ന യുവതി പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേർക്കു പരുക്കേറ്റു. ക്യൂവിൽ നിന്നിരുന്നവർ നിലവിളിച്ച് ഓടുകയായിരുന്നു എന്ന് ഔദ്യോഗികവൃത്തങ്ങൾ വിശദീകരിച്ചു.

കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിൽ പ്രതിയായ യുവതിയെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. മറ്റൊരാളുടെ ഐഡി കാർഡ് ഉപയോഗിച്ച് ബാറിനകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് പ്രകോപിതയായ യുവതി വെടിയുതിർക്കുകയായിരുന്നു. രാത്രി 11.15ഓ‌ടെയായിരുന്നു സംഭവം.

തർക്കമാണെന്നാണ് ആദ്യം കരുതിയതെന്നും എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഭാഗ്യം കൊണ്ടാണ് താനും സുഹൃത്തുക്കളും രക്ഷപ്പെട്ടതെന്നായിരുന്നു സംഭവത്തിനു ദൃക്സാക്ഷിയായ സ്ത്രീയുടെ പ്രതികരണം. തനിക്കു മുന്നിലും പിന്നിലുമായി നിന്നവര്‍ക്കാണ് പരുക്കേറ്റതെന്നും സ്ത്രീ പ്രതികരിച്ചു.

Top