റഷ്യയിൽ പശുക്കിടാവുമായി നടക്കാനിറങ്ങിയ യുവതിക്ക് തടവ് ശിക്ഷ

മോസ്കോ: പശുവുമായി നടക്കാനിറങ്ങിയ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് റഷ്യ. പശുക്കിടാവിനെ ചുവപ്പുചത്വരത്തിൽ കൊണ്ടുവന്ന അമേരിക്കൻ പൗരയ്ക്കാണ് റഷ്യൻ കോടതി ശിക്ഷ വിധിച്ചത്. കാൽനടയാത്രക്കാരെ തടസ്സപ്പെടുത്തിയതിന് 13 ദിവസത്തെ തടവും 30000 റൂബിൾ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അറവുശാലയിൽ നിന്ന് രക്ഷിച്ച കിടാവാണെന്ന യുവതിയുടെ വാദം കോടതി അംഗീകരിച്ചില്ല. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും സസ്യാഹാരവാദിയുമായ അലീസിയ ഡേയെ ആണ് കോടതി ശിക്ഷിച്ചത്.

മുദ്രാവാക്യം വിളിച്ച് റെഡ് സ്ക്വയറിലൂടെ നടന്നുവെന്നും കന്നുകുട്ടിയെ ഉപയോഗിച്ച് പ്രത്യേക ആശയ പ്രചാരണം നടത്തിയെന്നുമാണ് കോടതി സംഭവത്തേക്കുറിച്ച് പറയുന്നത്. മോസ്കോയിലെ ട്രെവര്‍സ്കോയി ജില്ലാ കോടതിയുടേതാണ് തീരുമാനം. ചൊവ്വാഴ്ചയാണ് അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിന് അലീസിയ ഡേ അറസ്റ്റിലായത്. അറസ്റ്റ് തടയാനുള്ള ശ്രമങ്ങള്‍ അലീസിയ നടത്തിയെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ പശുക്കിടാവിനെ താന്‍ രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ അതിനെ ആളുകള് ഇറച്ചിയാക്കിയേനെയെന്നാണ് അലീസിയ കോടതിയെ അറിയിച്ചത്. അറവ് ശാലയില്‍ നിന്ന് രക്ഷിച്ച പശുക്കിടാവിനെ രാജ്യം കാണിക്കാനായിരുന്നു തന്‍റെ ശ്രമമെന്നാണ് അലീസിയ പറയുന്നത്. തന്‍റെ നടപടികളില്‍ ഖേദമില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. ന്യൂ ജഴ്സിയില്‍ ജനിച്ച അലീസിയ ഡേ 2019ലും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2019ല്‍ ലണ്ടനിലെ ഫ്ലാറ്റില്‍ പന്നിയെ അരുമ മൃഗമാക്കി സൂക്ഷിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഭക്ഷണ ശാലകളിലേക്ക് ഈ പന്നിയുമായെത്തിയ അലീസിയ പന്നിക്കൊപ്പം കുളിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു.

Top