ഭീഷണിമൂലം പാക്കിസ്ഥാനിയെ വിവാഹം കഴിക്കേണ്ടി വന്ന ഉസ്മ ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പാക്കിസ്ഥാനിയെ വിവാഹം കഴിക്കേണ്ടി വന്ന ഡല്‍ഹി സ്വദേശി ഉസ്മ ഇന്ത്യയില്‍ തിരിച്ചെത്തി.

വാഗ അതിര്‍ത്തിവഴിയാണ് ഉസ്മ നാട്ടിലെത്തിയത്. ഇന്നലെയാണ് ഉസ്മയ്ക്ക് ഇന്ത്യയിലേക്ക് തിരിച്ച് പോകാമെന്ന സുപ്രധാന വിധി ഇസ്ലാമാബാദ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വാഗാ അതിര്‍ത്തി കടക്കുന്നത് വരെ ഉസ്മയ്ക്ക് പോലീസ് സുരക്ഷ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റീസ് മൊഹ്‌സീന്‍ അക്തര്‍ കയാനി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇതിനിടെ, ഉസ്മയുടെ തിരിച്ചു വരവിലുള്ള സന്തോഷം അറിയിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ മകള്‍ക്ക് വീട്ടിലേക്ക് സ്വാഗതം. നീ കടന്നു പോയ കഷ്ടതകള്‍ക്കെല്ലാം ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന്‌ സുഷമ ട്വിറ്ററില്‍ കുറിച്ചു.

ഉസ്മയുടെ വീസാ കാലാവധി മേയ് 30ന് അവസാനിരിക്കെയാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ സുപ്രധാനവിധി വന്നത്‌.

തഹിര്‍ അലി എന്ന പാകിസ്ഥാനിയാണ് ഉസ്മയെ വിവാഹം കഴിച്ചത്. തന്നെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് വിവാഹം കഴിച്ചതെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും കാണിച്ചാണ് ഉസ്മ കോടതിയെ സമീപിച്ചത്.

Top