വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ ട്രെയിനിന് മുന്നിലേക്ക് യുവാവ് തള്ളിയിട്ടു

ന്റെ വിവാഹാഭ്യര്‍ത്ഥന നിഷേധിച്ച യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന ടെയിനിന് മുന്നിലേക്ക് യുവാവ് തള്ളിയിട്ടു. തലനാരിഴയ്ക്ക് യുവതി അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. മുംബൈയിലെ ഖര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്. പ്രതിയായ യുവാവിനെ സി.സി.ടി. വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. സുമേധ് ജാധവ് ആണ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വഡാല സ്വദേശിയായ ഇയാള്‍ യുവതിയെ തള്ളിയിട്ട ഉടന്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

അന്ധേരിയില്‍ നിന്ന് ട്രെയിന്‍ കയറിയത് മുതല്‍ ഇയാള്‍ യുവതിയെ പിന്തുടര്‍ന്നിരുന്നു. സഹായത്തിനായി ഖര്‍ റെയില്‍വെ സ്റ്റേഷനില്‍ വരാന്‍ പെണ്‍കുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഖര്‍ റയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ പെണ്‍കുട്ടി അമ്മയുടെ കൂടെ പോകാന്‍ തയ്യാറായെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

തന്റെ കൂടെ ചെല്ലണമെന്നും തന്നെ വിവാഹം കഴിക്കണമെന്നതുമായിരുന്നു ഇയാളുടെ ആവശ്യം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് പിന്നാലെ പാഞ്ഞ ഇയാള്‍ തിരിച്ചുവന്നു. പിന്നീട് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുളള വിടവിലേക്ക് യുവതിയെ തള്ളിയിടാന്‍ ശ്രമിക്കുകയായിരുന്നു.

യുവതിയുടെ അമ്മ പ്രതിരോധിച്ചെങ്കിലും പിടി വലിയില്‍ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. 12 സ്റ്റിച്ചുകളാണ് യുവതിയുടെ തലയിലുളളത്. പൊലീസ് സുമേധിനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. അവിടെ നിന്ന് കസ്റ്റഡിയില്‍ വിട്ടു.

 

 

Top