സ്വപ്‌നയ്‌ക്കൊപ്പം വനിതാപൊലീസുകാരുടെ സെല്‍ഫി; വകുപ്പുതല അന്വേഷണം

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് സെല്‍ഫിയെടുത്ത് പൊലീസുകാര്‍. ആറ് വനിതാ പൊലീസുകാരാണ് സെല്‍ഫിയെടുത്തത്. വനിതാ പൊലീസുകാരിയുടെ ഫോണിലാണ് ചിത്രം എടുത്തത്.
സംഭവം വാര്‍ത്തയായതോടെ ആറു വനിതാ പൊലീസുകാരെയും ഉന്നത ഉദ്യോഗസ്ഥരുടെ താക്കീത് ചെയ്തു.ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
അതേസമയം, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളില്‍ നിന്നു സ്വപ്ന ഫോണ്‍ ചെയ്തില്ലെന്ന് നഴ്‌സുമാര്‍ മൊഴി നല്‍കി. ഇന്റലിജന്‍സ് അന്വേഷണത്തിലും ഫോണ്‍ വിളിച്ചതായി സൂചനയില്ല. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് ഇന്ന് ജയില്‍വകുപ്പിന് കൈമാറും.

ആശുപത്രിയില്‍ വച്ച് സ്വപ്ന ഉന്നതരെ ഫോണില്‍ ബന്ധപ്പെട്ടെന്നു സൂചനയുണ്ടായിരുന്നു. വനിതാ സെല്ലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടുകയും ചെയ്തു. ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാല്‍, അവരില്‍ ഒരാളുടെ ഫോണില്‍ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എന്‍ഐഎയ്ക്കു ലഭിച്ച സൂചന.സ്വപ്ന സെല്ലിനുള്ളില്‍ ഫോണ്‍ ചെയ്‌തെന്ന പേരില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ.ആന്‍ഡ്രൂസ് അറിയിച്ചു.

Top