വനിതാ പൊലീസിന്റെ കൊലപാതകം; പ്രതിക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും

ആലുവ: വനിതാ പൊലീസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിക്ക് ഒരുങ്ങി ആഭ്യന്തരവകുപ്പ്. വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ വനിത സിപിഒ സൗമ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് തെളിഞ്ഞ ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജാസിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്.

കൃത്യത്തിനുശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അജാസ് അമ്പത് ശതമാനം പൊള്ളലേറ്റ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വകുപ്പുതലത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്നതിന് അനുസൃതമായി നടപടി ഉടന്‍ ഉണ്ടാവുമെന്ന് റൂറല്‍ എസ്പി കെ. കാര്‍ത്തിക് അറിയിച്ചു.

കഴിഞ്ഞ ജൂലൈയിലാണ് അജാസ് ആലുവ ട്രാഫിക്കില്‍ സ്ഥലംമാറിയെത്തിയത്. ഒമ്പതാം തീയതി മുതല്‍ അവധിയില്‍ പ്രവേശിച്ച ഇയാള്‍ ആസൂത്രിതമായി കൃത്യം നടത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

Top