വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം; നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം

തിരുവനന്തപുരം: പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം. കെജിഎംഒഎയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.

ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ഉണ്ടായിരിക്കില്ല. കാഷ്വാലിറ്റി വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. ഐഎംഎയുടെ നേതൃത്വത്തില്‍ 2 മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളേയും സമരം ബാധിക്കും.

അതേസമയം സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡി.ജി.പി.യോട് ആവശ്യപ്പെട്ടു.

ആശുപത്രിയ്ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ നടക്കുന്ന ഒരക്രമത്തേയും അംഗീകരിക്കാന്‍ കഴിയില്ല. രോഗികളുടെ അഭയ കേന്ദ്രമാണ് ആശുപത്രി. അതിനാല്‍ തന്നെ ജീവനക്കാര്‍ക്ക് സമാധാനത്തോടെ ജോലി ചെയ്യാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രി ആക്രമണവും ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവവും അങ്ങേയറ്റം അപലപനീയമാണ്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉന്നതരെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ബന്ധുക്കള്‍ അക്രമം ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. അതിനാലാണ് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കയതെന്നും മന്ത്രി വ്യക്തമാക്കി.

Top