മുംബൈയിലെ ചേരിയിലെ 69കാരിക്ക് കൊറോണ സ്ഥിരീകരിച്ചു; ആശങ്കയോടെ അധികൃതര്‍

മുംബൈ: മുംബൈ സെന്‍ട്രലിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു.

എല്ലാദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവടെ എത്തുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് ജോലിക്ക് പോവുന്നതിന് വിലക്കുണ്ട്. കുടിലുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് കര്‍ശനമായി പറഞ്ഞിട്ടുണ്ട്.

അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടിലാണ് ഇവര്‍ ജോലിക്ക് നിന്നിരുന്നത്. അയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വീട്ടുജോലിക്കാരിയെയും പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. മുംബൈയില്‍ പലമേഖലകളിലായി നിരവധി ചേരികളാണുള്ളത്. ഇത് മുന്നില്‍ കണ്ടാണ് മുംബൈ സെന്‍ട്രലിലെ ചേരിയില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 23000 പേരെയും നിരീക്ഷണത്തിലാക്കിയത്. പലര്‍ക്കും രേഖകളൊന്നും ഇല്ലാത്തതും പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.

Top