വനിതാ പഞ്ചായത്ത് അംഗത്തേയും ഭര്‍ത്താവിനേയും വീട്ടില്‍ക്കയറി മര്‍ദ്ദിച്ചു; കേസ്‌

മലപ്പുറം: ലോക്ഡൗണ്‍ ലംഘനം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നാരോപിച്ച് ഒരുസംഘം ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് വനിതാ അംഗം കെ. ഖദീജ, ഭര്‍ത്താവ് എം. സൈതലവി എന്നിവരെയാണ് ഒരു സംഘം വീട്ടില്‍ക്കയറി മര്‍ദ്ദിച്ചത്. ഖദീജയുടെ വീടിന് സമീപത്തെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കാട് സ്വദേശികളായ മൂന്ന് യുവാക്കളുടെയും ഇവരുടെ സഹോദരിയുടെയും പേരിലാണ് കേസ്.

ലോക്ഡൗണ്‍ സമയത്ത് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ സ്ഥലത്ത് രാത്രിയിലുംമറ്റും കൂട്ടം കൂടിയിരിക്കുന്നതറിഞ്ഞ് പൊലീസും ആരോഗ്യവകുപ്പും പരിശോധന നടത്തിയിരുന്നു. പൊലീസെത്തി സംഘത്തെ പല തവണ ഓടിച്ചതുമാണ്. ഇതിനുപിന്നില്‍ വാര്‍ഡ് അംഗത്തിന്റെ പരാതിയാണെന്ന വിരോധമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.

വീടിന്റെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന സൈതലവിക്ക് നേരേയാണ് ആദ്യം ആക്രമണമുണ്ടായത്. അദ്ദേഹത്തെ അടിച്ച് പരിക്കേല്പ്പിക്കുകയും കഴുത്തിന് പിടിച്ച് നിലത്തേക്ക് അടിച്ച് വീഴ്ത്തുകയുമായിരുന്നു. മുറ്റത്തുണ്ടായിരുന്ന അരിവാളെടുത്ത് കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍പ്പറയുന്നു. ഭര്‍ത്താവിനെ ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ ഖദീജയേയും അക്രമിസംഘം മര്‍ദ്ദിക്കുകയായിരുന്നു. ബഹളംകേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടിരുന്നു. തേഞ്ഞിപ്പലം പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു.

Top