ഭാരതത്തില്‍ സുരക്ഷിതയല്ലാത്തത് എന്തുകൊണ്ട്? പാര്‍ലമെന്റിന് മുന്നില്‍ കുത്തിയിരുന്ന യുവതിയുടെ ചോദ്യം

പാര്‍ലമെന്റിന് മുന്നില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളെ ചോദ്യം ചെയ്ത് ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. ‘എന്റെ സ്വന്തം ഭാരതത്തില്‍ സുരക്ഷിതയാണെന്ന് എനിക്ക് തോന്നാത്തത് എന്തുകൊണ്ട്?’ എന്ന ചോദ്യവുമായാണ് അനു ദുബെ എന്ന യുവതി പാര്‍ലമെന്റ് ഗേറ്റിന് മുന്നിലെ നടപ്പാതയില്‍ കുത്തിയിരുന്നത്.

പ്ലക്കാര്‍ഡ് പിടിച്ചുള്ള ഈ ഇരുപ്പ് തുടരാന്‍ കഴിയില്ലെന്ന് അധികൃതര്‍ അനുവിനെ അറിയിച്ചു. പ്രതിഷേധത്തിന് ജന്തര്‍ മന്തറിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് നിരാകരിച്ച യുവതിയെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. കരഞ്ഞുകൊണ്ടാണ് അനു പോലീസ് വാഹനത്തില്‍ കയറിയതെന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ പരാതികള്‍ കേട്ട ശേഷം പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇവരെ വിട്ടയച്ചു. തനിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാണണമെന്നാണ് മാധ്യമങ്ങളോട് അനു ദുബെ വ്യക്തമാക്കിയത്. യുവതിയെ പോലീസ് മര്‍ദ്ദിച്ചതായി ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ ആരോപിച്ചു.

‘ഹൈദരാബാദിലെ ഞെട്ടിക്കുന്ന പീഡന വിവരങ്ങള്‍ കേട്ട് ബുദ്ധിമുട്ടിലായ ഒരു വിദ്യാര്‍ത്ഥിനി ശബ്ദം ഉയര്‍ത്താന്‍ എത്തിയപ്പോള്‍ അവരെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിക്കുകയാണ് ഡല്‍ഹി പോലീസ് ചെയ്തത്. സ്‌റ്റേഷനില്‍ പെണ്‍കുട്ടി ഏറെ ഭയപ്പാടിലായിരുന്നു. ശബ്ദം ഉയര്‍ത്തുന്നവരുടെ ഭാവി എന്താകും’, കമ്മീഷന്‍ ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഹൈദരാബാദില്‍ 27കാരിയായ വെറ്റിനറി ഡോക്ടറെ ഒരു സംഘം പീഡിപ്പിച്ച് കൊന്ന് മൃതദേഹം കത്തിച്ച വിവരം രാജ്യത്താകമാനം പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

Top