ഡല്‍ഹി സംഘര്‍ഷം:ഐ.പി.എസ് ഉദ്യോഗസ്ഥയുടെ തോക്ക് കവര്‍ന്നു; നടപടി എടുക്കാതെ പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ നടന്ന അഭിഭാഷക-പൊലീസ് സംഘര്‍ഷത്തിനിടെ യൂണിഫോമിലുണ്ടായിരുന്ന വനിതാ ഐ.പി.എസ് ഓഫീസറെ ആക്രമിച്ച് തോക്ക് കവര്‍ന്നെടുത്തതായി റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചയ്തിട്ടില്ല എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

സംഘര്‍ഷത്തിനിടെ വനിതാ ഐ.പി.എസ് ഓഫീസറെ ആക്രമിച്ച് അവരുടെ കൈയിലുണ്ടായിരുന്ന 9എംഎം സര്‍വീസ് പിസ്റ്റളാണ് തട്ടിയെടുത്തത്. വെടിയുണ്ടകള്‍ നിറച്ച നിലയിലായിരുന്നു തോക്ക്. സംഭവത്തില്‍ കേസെടുത്തിട്ട് കാര്യമില്ലെന്നും സ്വയം പരിഹാസ്യയാവുകയേ ഉള്ളൂ എന്നാണ് സഹപ്രവര്‍ത്തകന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്നാണ് ശനിയാഴ്ച തിസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മൂന്ന് അഭിഭാഷകരോട് തെറ്റായ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യരുത് എന്ന് പറഞ്ഞ പോലീസുകാരനെ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷക സംഘം പോലീസിന് നേരെ തിരിഞ്ഞത്. ഒടുവില്‍ പോലീസുകാരന്‍ യൂണിഫോം മാറ്റി ലോക്കപ്പില്‍ പ്രതികള്‍ക്കൊപ്പം ഇരുന്നാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

അഭിഭാഷകര്‍ യൂണിഫോണില്‍ കൂട്ടത്തോടെ ആക്രമണം നടത്തിയപ്പോള്‍ രക്ഷപ്പെടാന്‍ പോലീസുകാര്‍ സ്വയം മുറിയില്‍ വാതിലുകള്‍ പൂട്ടിയിട്ട് അഭയം പ്രാപിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പോലീസുകാരനെ അഭിഭാഷകര്‍ നിലത്തിട്ട് കൂട്ടമായി ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ശനിയാഴ്ചത്തെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസുകാര്‍ നീതിക്കായി തെരുവിലിറങ്ങിയത്.

പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നും മതിയായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ആയിരത്തിലധികം പോലീസുകാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. 11 മണിക്കൂറോളം ഈ പ്രതിഷേധം നീണ്ടുനിന്നു.

ബുധനാഴ്ച അഭിഭാഷകര്‍ സാകേത് കോടതിയുടെ ഗേറ്റുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.

Top