അമ്മയെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചിട്ടു; മകന്‍ അറസ്റ്റില്‍

പറവൂർ: കെടാമംഗലം കുറുപ്പശേരിയില്‍ അമ്മയെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചിട്ട കേസില്‍ മകന്‍ അറസ്റ്റില്‍. കുറുപ്പശേരി പരേതനായ ഷണ്‍മുഖന്റെ ഭാര്യ കാഞ്ചനവല്ലി (72)യെയാണ് മകന്‍ സുരേഷ് (54) കല്ലിനിടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിനു സമീപത്ത് കുഴിച്ചിട്ടത്.

കാഞ്ചനവല്ലിയെ കാണാതായതിനെത്തുടര്‍ന്ന് മൂന്നു ദിവസമായിത്തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൃതദേഹം കണ്ടെടുത്തത്. കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടു കിട്ടിയത്. എന്നാല്‍, ഇത് കാഞ്ചനവല്ലിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. കാഞ്ചനവല്ലി ധരിച്ചിരുന്ന വസ്ത്രവും ചരടും തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

അമ്മയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് പ്രതി സുരേഷ് കുറ്റം സമ്മതിച്ചു. മദ്യപിച്ചെത്തിയ സുരേഷ് അമ്മയോട് മാല ആവശ്യപ്പെടുകയും മാല കൊടുക്കാന്‍ കാഞ്ചനവല്ലി തയ്യാറാകാത്തതിനെത്തുടര്‍ന്ന് സുരേഷ് പുറത്ത് നിന്ന് കല്ലെുത്ത് കൊണ്ടുവന്ന് അമ്മയുടെ തലയില്‍ അടിക്കുകയുമായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം രാത്രി വീടിനു പിന്നിലേക്ക് വലിച്ചിഴച്ചു കൊണ്ടുേപായി പാടവരമ്പിനു സമീപമുള്ള കുറ്റിക്കാട്ടിലിട്ടു. കുഴിയെടുത്ത് മൃതദേഹം അതിലേക്ക് തള്ളി. ഏതാനും മരച്ചില്ലകളും മറ്റും അതിനു മുകളിലിട്ടു. എന്നാല്‍ മദ്യലഹരിയില്‍ കുഴി മൂടാന്‍ കഴിഞ്ഞില്ല. ഏതാനും മരച്ചില്ലകള്‍ ഉപയോഗിച്ച് കുഴി മറയ്ക്കുക മാത്രമാണ് ഉണ്ടായത്.

പ്രതിയുടെ വീട്ടില്‍ നിന്ന മാല പണയം വെച്ച ഇനത്തില്‍ 22,000 രൂപയും രസീതും പൊലീസ് കണ്ടെടുത്തു.
ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുന്ന ഇയാള്‍ ഇടയ്ക്കിടെ അമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ വരികയും മദ്യപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദികയും ചെയ്യുമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

Top