മന്ത്രി എ.കെ ശശീന്ദ്രൻ ഊരാക്കുടുക്കിൽ, രാജിക്ക് മുന്നണിയിലും സമ്മർദ്ദം ശക്തം !

സ്വന്തം ശക്തി എന്താണെന്നത് ഇനിയെങ്കിലും സി.പി.എം നേതൃത്വം തിരിച്ചറിയണം. ഒരു പഞ്ചായത്തില്‍ പോലും വിജയിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ ഇതും ഇതിനപ്പുറവും സംഭവിക്കും. മന്ത്രി എ.കെ ശശീന്ദ്രന്‍ ഇത് രണ്ടാം തവണയാണ് ഫോണ്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ആദ്യത്തേതില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് രാഷ്ട്രീയ കേരളം കണ്ടതാണ്. പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക കേസില്‍ നിന്നും പിന്‍ വാങ്ങിയത് കൊണ്ടു മാത്രമാണ് അന്ന് ശശീന്ദ്രന്‍ രക്ഷപ്പെട്ടിരുന്നത്. തുടര്‍ന്ന് തെറിച്ച മന്ത്രിസ്ഥാനം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും മറ്റൊരു സ്ത്രീവിഷയത്തില്‍ ഉള്‍പ്പെട്ട് സര്‍ക്കാറിനും ഇടതുപക്ഷത്തിനും വലിയ മാനക്കടാണ് ഈ മന്ത്രി ഉണ്ടാക്കിയിരിക്കുന്നത്.

സ്ത്രീപീഢന കേസില്‍ ഇരയ്ക്ക് നീതി നേടി കൊടുക്കേണ്ട മന്ത്രി തന്നെ പ്രതിക്ക് വേണ്ടി ഇടപെട്ടത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ശശീന്ദ്രനും എന്‍സിപിയും എന്ത് ന്യായീകരണം നടത്തിയാലും പുറത്ത് വന്ന ശബ്ദരേഖ മന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനത്തിന് വ്യക്തമായ തെളിവു തന്നെയാണ്. പെണ്‍കുട്ടിയുടെ പിതാവിനോട് സംഭവം ഒത്തു തീര്‍പ്പാക്കാന്‍ തന്നെയാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി തര്‍ക്കമെന്ന് ആര് തന്നെ വാദിച്ചാലും പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിന് അത് ഭീഷണിയാകും. ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്.

സംഭവം പുറത്തായതോടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കുണ്ടറയിലെ പ്രാദേശിക എന്‍ സി പി നേതാക്കള്‍ക്കെതിരെ ജൂലായ് 20 രാത്രിയോടെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി ശശീന്ദ്രനെതിരെ മൊഴി നല്‍കിയ സാഹചര്യത്തില്‍ മന്ത്രിയും പ്രതിരോധത്തിലാണ്. ഇത്തരമൊരു മൊഴി ലഭിച്ചാല്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിക്ക് തന്നെ നേരിട്ട് കേസെടുക്കാന്‍ കഴിയും. കാര്യങ്ങള്‍ ആ വഴിക്കാണിപ്പോള്‍ നീങ്ങുന്നത്.

വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ ഉടന്‍ തന്നെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടത്. അതിന് അദ്ദേഹവും എന്‍സിപിയും തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും രാജി ആവശ്യപ്പെടുകയാണ് വേണ്ടത്. അതല്ലങ്കില്‍ സര്‍ക്കാറിന് തന്നെയാണ് പ്രതിസന്ധിയുണ്ടാകുക. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇരയുടെ കുടുംബത്തില്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴി ശശീന്ദ്രനെ മാത്രമല്ല ഇടതുപക്ഷത്തെയും വെട്ടിലാക്കുന്നതാണ്.

ജൂണ്‍ 28 ന് നല്‍കിയ പരാതി ജൂലായ് 20ന് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത് വരെ പൂഴ്ത്തിവെച്ച പൊലീസും ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് എതിരുമാണ്. സ്ത്രീയുടെ കയ്യില്‍ കയറി പിടിച്ചത് എങ്ങനെയാണ് നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് മന്ത്രി ശശീന്ദ്രന്‍ തന്നെയാണ് മറുപടി നല്‍കേണ്ടത്. മന്ത്രിയാകുമ്പോള്‍ ചൊല്ലിയ സത്യ പ്രതിജ്ഞയാണ് ഇവിടെ ശശീന്ദ്രന്‍ മറന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹം രാജി വയ്ക്കുക തന്നെ വേണം. ഇത്തരം മാറാപ്പുകളെ ഇനിയും ചുമക്കണമോ എന്ന കാര്യം സി.പി.എമ്മും സി.പി.ഐയും പരിശോധിക്കേണ്ടതുണ്ട്. ഒരു എം.എല്‍.എ മാത്രം ഉള്ള ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനം കൊടുത്തത് തന്നെ ശരിയായ നിലപാടല്ല. ഇങ്ങനെ മന്ത്രി പദവി ലഭിച്ച ഐ.എന്‍.എല്ലും സര്‍ക്കാറിനും ഇടതുപക്ഷത്തിനും വലിയ മാനക്കേടാണ് നിലവില്‍ ഉണ്ടാക്കിയിരിക്കുന്നത്.

പി.എസ്.സി. അംഗത്വത്തിനായി 40 ലക്ഷം രൂപ കോഴവാങ്ങി പാര്‍ട്ടി മറിച്ചുവിറ്റെന്ന ആരോപണമാണ് ഐ.എന്‍.എല്ലില്‍ ഉയര്‍ന്നിരിക്കുന്നത്. ആ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തന്നെയാണ് പരസ്യമായി ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുന്നണി മര്യാദ അനുസരിച്ച് ഐ.എന്‍എല്ലിന് ഇടതുപക്ഷം നീക്കിവച്ച തസ്തികയിലാണ് ‘കച്ചവടം’ നടന്നതെന്നാണ് പ്രധാന ആരോപണം. പാര്‍ട്ടിയുടെ നോമിനിയായി അബ്ദുള്‍ സമദിനെ പി.എസ്.സി. അംഗമായി തെരഞ്ഞെടുത്തതിന് ആദ്യ ഗഡുവായി 20 ലക്ഷം രൂപ വാങ്ങിയെന്നും ബാക്കി 20 ലക്ഷം പിന്നീട് വാങ്ങാനുമാണ് തീരുമാനമെന്നുമാണ് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.സി. മുഹമ്മദ് തുറന്നടിച്ചിരുന്നത്. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഐ.എന്‍.എല്‍ നേതാക്കളെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചു വരുത്തി സി.പി.എം നേതൃത്വം വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

സ്വന്തം മുന്നണിയെ തന്നെയാണ് അദ്ദേഹം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സ്ത്രീകളുടെ പരാതി കിട്ടിയാല്‍ ഉടന്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട നിയമമുള്ള സംസ്ഥാനത്ത് യുവതിയുടെ പരാതിയില്‍ നടപടി നീണ്ടതും അമ്പരപ്പിക്കുന്നതാണ്. ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം സഭയിലും പിണറായി വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് നടപടി ഇനി നേരായ വഴിക്കു തന്നെ നീങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ശശീന്ദ്രനെതിരെ യുവതി മൊഴി നല്‍കിയ സാഹചര്യത്തില്‍ കേസ് കേസിന്റെ വഴിക്ക് തന്നെ പോകുമെന്നാണ് ഇടതുപക്ഷ നേതാക്കളും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനി അറിയാനുള്ളത് മന്ത്രിയുടെ രാജി എപ്പോഴാണ് എന്നതാണ്. അത് അധികം വൈകാതിരിക്കുന്നതാകും നല്ലത്.

 

Top