പുനര്‍വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചു; അമ്മയെ മകള്‍ തലയ്ക്കിടിച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: പുനര്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച അമ്മയെ 47കാരിയായ മകള്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. 81 വയസ്സ് പ്രായമുള്ള സന്തോഷ് ഭാഗ്ഗയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഹാരി നഗറിലാണ് സംഭവം.

പവര്‍ ഡിസ്‌കോമില്‍ അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറായ നീരു ബാഗ്ഗ അമ്മ സന്തോഷ് ഭാഗ്ഗയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന നീരുവിനെ ഇതിന്റെ പേരില്‍ അമ്മ കുറ്റപ്പെടുത്തിയിരുന്നുവെന്നും മറ്റൊരു വിവാഹം ചെയ്യാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ച അമ്മയുമായി ഇതിന്റെ പേരില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഇരുമ്പുദണ്ഡുകൊണ്ട് തലക്കടിക്കുകയും വീടുവിട്ടിറങ്ങുകയും ചെയ്തു. പിന്നീട് നീരുവിനെ തലയില്‍ മുറിവേറ്റ നിലയില്‍ മായാപുരിയിലെ ഖസാന്‍ ബാസ്തിയില്‍ വച്ച് പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസ് ഓഫീസര്‍ നീരുവുമായി വീട്ടിലെത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹമാണ്. ഇരുമ്പുദണ്ഡുകൊണ്ടുള്ള അടിയില്‍ തലപൊട്ടി ചോര ഒലിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി നീരുവിനെ അറസ്റ്റ് ചെയ്തു.

Top