കണ്ണൂരില്‍ മോഷണശ്രമത്തിനിടെ സ്ത്രീയെ കൊലപ്പെടുത്തിയ കേസ്; രണ്ടാംപ്രതി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പി.കെ. ആയിഷ എന്ന സ്ത്രീയെ മോഷണത്തിനിടെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ അസമില്‍ വെച്ച് പിടികൂടി. ഗോറിമാറ ബംഗാളിപ്പാറ വില്ലേജിലെ നസറുല്‍ ഇസ്ലാമിനെയാണ് കണ്ണൂര്‍ പൊലീസ് സാഹസികമായി പിടികൂടിയത്.

നസറുല്‍ ഇസ്ലാമിനെ പൊലീസ് സംഘം കണ്ണൂരിലെത്തിച്ചു. കേസിലെ രണ്ടാം പ്രതിയാണ് നസറുല്‍ ഇസ്ലാം. നേരത്തെ പിടിയിലായ ഒന്നാം പ്രതി മഹിബുള്‍ ഇസ്ലാമിന്റെ കൂട്ടാളിയാണ് നസറുല്‍. മഹബുളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയവെയാണ് നസറുല്‍ പിടിയിലായത്.

സിആര്‍പിഎഫ് സംഘത്തിന്റെ സഹായത്തോടെ അതിസാഹസികമായാണ് പ്രതിയെ കണ്ണൂരിലെ പൊലീസ് സംഘം പിടികൂടിയത്. ചക്കരക്കല്‍ അഡീഷണല്‍ എസ്.ഐ അനീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത് വി., നാസര്‍ സി.പി., വിജിനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ സപ്റ്റംബര്‍ 23 നാണ് മോഷണത്തിനിടെ അയിഷക്ക് ഗുരുതരമായി പരിക്കേറ്റത്. 29-ന് ചികില്‍സയിലിരിക്കേയാണ് ആയിഷ മരിച്ചത്. ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികള്‍ അകത്ത് വെള്ളം ലഭിക്കുന്നതിനുള്ള ടാപ്പ് അടച്ചു. വെള്ളത്തിനായി ആയിഷയെ വീടിനു പുറത്തിറങ്ങിയപ്പോള്‍ പ്രതികള്‍ ആക്രമിച്ചു. ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണസംഘം പറിച്ചെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

 

Top