പതിമൂന്നാം നിലയില്‍ നിന്ന് ചാടിയ യുവതി വീണത് വയോധികന്റെ മുകളില്‍; ഇരുവരും മരിച്ചു

അഹമ്മദാബാദ്: ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടിയ യുവതി പതിച്ചത് വയോധികന്റെ മേല്‍. സംഭവത്തില്‍ രണ്ട് പേരും മരിച്ചു. അഹമ്മദാബാദിലെ അമരൈവാടിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മംമ്ത ഹന്‍സ് രാജ് രതി(30)യും ബാലു ഗമിതു(69)മാണ് മരിച്ചത്.

മംമ്തയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. സൂറത്തിലെ ഭര്‍തൃഗൃഹത്തില്‍ നിന്ന് ചികിത്സയ്ക്കായാണ് മംമ്ത അഹമ്മദാബാദില്‍ താമസിക്കുന്ന മാതാപിതാക്കളുടെ അരികിലെത്തിയത്. കെട്ടിടത്തിന്റെ പതിനാലാം നിലയിലാണ് ഇവര്‍ താമസിക്കുന്നത്. പതിമൂന്നാം നിലയില്‍ താമസിക്കുന്ന സഹോദരന്റെ അപ്പാര്‍ട്ട്മെന്റിലായിരുന്നു മംമ്തയും ഭര്‍ത്താവും രണ്ടു മക്കളും രണ്ടു ദിവസമായി താമസിച്ചു വന്നത്.

പ്രഭാതനടത്തിനിറങ്ങിയ ബാലുവിനു മുകളിലേക്കാണ് മംമ്ത പതിച്ചത്. രാവിലെയുള്ള പതിവ് നടപ്പിനിടെയാണ് ബാലുവിന്റെ മുകളിലേക്ക് യുവതി വീണത്. വീഴ്ചയില്‍ ബാലുവിന്റെ തലയ്ക്കേറ്റ ഗുരുതരപരിക്കിനെ തുടര്‍ന്ന് തല്‍ക്ഷണം മരിക്കുകയായിരുന്നു. റിട്ട. അധ്യാപകനാണ് ബാലു. മംമ്തയും വീഴ്ചയില്‍ തന്നെ മരിച്ചു.

Top