വിയറ്റ്നാമിലെ ബ്ലഡ് പുഡ്ഡിംഗ് കഴിച്ച സ്ത്രീക്ക് ഗുരുതര വിര ബാധ

വിയറ്റ്നാം: വിയറ്റ്നാമിലെ പ്രാദേശിക വിഭവങ്ങളില്‍ ഏറെ പേരുകേട്ട ബ്ലഡ് പുഡ്ഡിംഗ് കഴിച്ച സ്ത്രീക്ക് ഗുരുതര വിര ബാധ. തലച്ചോറിലടക്കം വിരബാധ കണ്ടെത്തിയ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 58കാരിയായ വിയറ്റ്നാം സ്വദേശിയായ സ്ത്രീയുടെ ത്വക്കിനടിയില്‍ നിന്ന് വരെ വിരയെ കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. പ്രാദേശിക വിഭവമായ തിയറ്റ് കാന്‍ പതിവായി കഴിച്ചതിന് ശേഷമാണ് ഇവര്‍ അവശ നിലയിലായത്.

തലവേദന സഹിക്കാനാവാതെ വന്നതിന് പിന്നാലെയാണ് ഇവര്‍ ചികിത്സാ സഹായം തേടിയത്. വിദഗ്ധ പരിശോധനയിലാണ് ഇവരുടെ തലച്ചോറിലടക്കം പരാദ സ്വഭാവമുള്ള വിരകളെ കണ്ടെത്തിയത്. കയ്യിലെയും കാലിലെയും തൊലിക്കടിയിലൂടെ വിരകള്‍ സഞ്ചരിക്കുന്നത് ദൃശ്യമായിരുന്നു. സ്ത്രീയ്ക്ക് പക്ഷാഘാതം വന്നുവെന്ന സംശയത്തിലായിരുന്നു ആരോഗ്യ വിദഗ്ധരുണ്ടായിരുന്നത്. എന്നാല്‍ സ്കാനിലാണ് ഇവരുടെ ശരീരത്തില്‍ പരാദ വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. മാസത്തില്‍ ഒരിക്കല്‍ ബ്ലഡ് പുഡ്ഡിംഗ് കഴിച്ചിരുന്നതായാണ് ഇവര്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.

പുറത്ത് നിന്നും ബ്ലഡ് പുഡ്ഡിംഗ് വാങ്ങിയാല്‍ അതിലൂടെ രോഗമുണ്ടാവുമെന്ന ഭയന്ന ഇവര്‍ സ്വന്തമായി തയ്യാറാക്കിയാണ് ബ്ലഡ് പുഡ്ഡിംഗ് കഴിച്ചിരുന്നതെന്നാണ് വിവരം. ഇനിയും അണുബാധയുടെ ലക്ഷണങ്ങള്‍ അവഗണിച്ചിരുന്നുവെങ്കില്‍ ഇവരുടെ ജീവന്‍ തന്നെ അപകടത്തിലായേനെയെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. വടക്കന്‍ വിയറ്റ്നാമില്‍‌ വളരെ സാധാരണമായി ലഭിക്കുന്ന വിഭവങ്ങളിലൊന്നാണ് തിയറ്റ് കാന്‍.

പന്നിയുടേയോ താറാവിന്റെയോ ചോരയും ഇറച്ചിയും കടലയും ചില പച്ചിലകളു ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഈ വിഭവം. പന്നിയുടെ ചോരയിലുണ്ടാകുന്ന ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തില്‍ എത്താനുള്ള സാധ്യതകള്‍ ഏറെയുള്ളതാണ് ഈ വിഭവം. ചില സമയങ്ങളില്‍ ഈ വിഭവം ജീവന് തന്നെ വെല്ലുവിളിയാകാറുമുണ്ട്.

Top