ഇരട്ടകളെ കാത്തിരുന്നു; പിറന്നത് രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ്

രട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച് കുഞ്ഞിന് ഇരട്ട തലകളും, മൂന്ന് കൈകളും. ഭോപ്പാലിലെ വിദിഷ പട്ടണത്തിലുള്ള സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് ഈ ആണ്‍കുഞ്ഞ് ജനിച്ചത്. വിദിഷ ജില്ലയിലെ മാലാ ഗ്രാമത്തില്‍ നിന്നുള്ള യുവതിയ്ക്ക് നടത്തിയ സോണോഗ്രാഫി പരിശോധനയില്‍ ഇവര്‍ക്ക് ഇരട്ടകുട്ടികളാണ് പിറക്കുകയെന്നാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചത്.

എന്നാല്‍ ഇരട്ടക്കുട്ടികളെ കാത്തിരുന്ന യുവതിക്ക് പിറന്ന കുഞ്ഞിന് ഒരു ശരീരവും രണ്ട് തലകളുമാണ് ഉണ്ടായിരുന്നത്. ഓപ്പറേഷനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തതെന്ന് ജില്ലാ ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ. സഞ്ജയ് ഖരെ പറഞ്ഞു. വാര്‍ത്ത പരന്നതോടെ കുഞ്ഞിനെ കാണാന്‍ എത്തുന്ന ജനക്കൂട്ടത്തെയും തടയേണ്ട അവസ്ഥയിലായെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയിലെ സ്‌പെഷ്യല്‍ നവജാതശിശു പരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ച കുഞ്ഞ് പ്രത്യേക നിരീക്ഷണത്തിലാണ്. ഇരട്ടകളെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തരത്തില്‍ കൂടിച്ചേര്‍ന്ന് ഇരിക്കുമെന്ന് കരുതിയില്ലെന്ന് ഡോ. പ്രതിഭ ഓസ്വാള്‍ പറഞ്ഞു. അടിയന്തര സര്‍ജറിയാണ് നടത്തിയത്. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ സ്ത്രീയുടെ ആദ്യത്തെ കുഞ്ഞാണ്. ഓപ്പറേഷന് ശേഷം കുടുംബം ഞെട്ടലില്‍ ആയതിനാല്‍ അമ്മയോട് വിവരം അറിയിച്ചില്ല, ഓസ്വാള്‍ വ്യക്തമാക്കി.

കുട്ടിയെ പരിചരിച്ച് വരികയാണെന്ന് ആശുപത്രി ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ് സുരേന്ദ്ര സോങ്കര്‍ പറഞ്ഞു. ഭോപ്പാലിലെയും, ഡല്‍ഹിയിലെയും വിദഗ്ധ ഡോക്ടര്‍മാരുമായി സംസാരിക്കുന്നുണ്ട്. ഇത്തരം കുട്ടികളില്‍ നേരത്തെ ഓപ്പറേഷന്‍ നടത്തിയ അനുഭവപരിചയമുള്ളവരാണ് ഇവര്‍, ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Top