ലോക്കപ്പിലിട്ട് കൂട്ടബലാത്സംഗം; പൊലീസിനെതിരെ കൊലക്കേസ് പ്രതിയായ യുവതി

rape

ഭോപ്പാൽ : അഞ്ച് പേർ ചേർന്ന് പത്തു ദിവസം പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ട് കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി 20കാരി. മധ്യപ്രദേശ് പൊലീസിനെതിരെയാണ് യുവതി പരാതിയുമായി എത്തിയിരിക്കുന്നത്. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അടക്കം അഞ്ച് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ യുവതി വ്യക്തമാക്കിയിരിക്കുന്നത്.

മധ്യപ്രദേശിലെ രേവാ ജില്ലയിലെ പൊലീസ് സ്‌റ്റേഷനില്‍ വച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിക്കാരിയായ യുവതി കൊലപാകതക്കേസിലെ പ്രതിയാണ്. ഇവര്‍ ഇപ്പോള്‍ ജയില്‍ കസ്റ്റഡിയിലാണ്. അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ഒക്ടോബര്‍ 10 ന് ജയിലിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം പുറത്തു വന്നത്. ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഈ സംഭവത്തിനെതിരെ രംഗത്തെത്തിയെങ്കിലും അവരെ സംഘം താക്കീത് ചെയ്‌തെന്നും യുവതി പറഞ്ഞു. ജഡ്ജിയുടെ മുമ്പിലാണ് യുവതി പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. തുടർന്ന് ജഡ്ജി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

താന്‍ ബലാത്സംഗം ചെയ്യപ്പെട്ടത് മെയ് 9നും മെയ് 21 നും ഇടയില്‍ ആണെന്നും യുവതി വ്യക്തമാക്കി. യുവതി ബലാത്സംഗത്തെക്കുറിച്ച് ജയില്‍ വാര്‍ഡനോടും പറഞ്ഞിരുന്നു. എന്നാല്‍ യുവതിയെ മെയ് 21 നാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം.

Top