മാലിദ്വീപില്‍ നിന്നെത്തിയ യുവതിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സുഖപ്രസവം

കൊച്ചി: മാലിദ്വീപില്‍ കേരളത്തിലെത്തിയ ഗര്‍ഭിണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മാലിദ്വീപില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന തിരുവല്ല സ്വദേശിയായ സോണിയ ജോസഫാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കപ്പലില്‍ നിന്ന് ഇറങ്ങിയ ഉടന്‍ സോണിയക്ക് പ്രസവ വേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകുകയുമായിരുന്നു.

698 പേരെയാണ് മാലി ദ്വീപില്‍ ഇന്ന് ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തിച്ചത്. ഇവരില്‍ 440 മലയാളികളും, 156 തമിഴ് നാട് സ്വദേശികളും ബാക്കിയുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. യാത്രക്കാരില്‍ 19 പേര്‍ ഗര്‍ഭിണികളും 14 പേര്‍ കുട്ടികളുമാണ്.

കേരളം തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് പുറമെ, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. തിരിച്ചെത്തിയവരില്‍ 103 പേര്‍ സ്ത്രീകളും 595 പേര്‍ പുരുഷന്മാരുമാണ്. സാധാരണ നാവികസേന ദൗത്യത്തിന് പണം ഈടാക്കാറില്ല. എന്നാല്‍ ഇത്തവണ 40 ഡോളര്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കിയാണ് ഇവരെ കൊച്ചിയിലേക്ക് എത്തിച്ചത്.

Top