തീവണ്ടിയില്‍ യാത്രചെയ്ത യുവതി കായലിലേക്ക് തെറിച്ചുവീണു, രക്ഷിച്ച് മത്സ്യബന്ധനക്കാര്‍

അഷ്ടമുടി: തീവണ്ടിയില്‍ യാത്രചെയ്ത എം.ടെക്. വിദ്യാര്‍ഥിനി അഷ്ടമുടി കായലിലേക്ക് തെറിച്ചുവീണു.

കായലില്‍ മത്സ്യബന്ധനം നടത്തിയിരുന്നവര്‍ യുവതിയെ രക്ഷിച്ച് കരയ്ക്കെത്തിച്ചു.

തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴുമണിയോടെയാണ് സംഭവം. പെരുമണ്‍ പാലത്തിലൂടെ തീവണ്ടി കടന്നുപോകുമ്പോഴാണ് ചാത്തന്നൂര്‍ കുമ്മല്ലൂര്‍ സ്വദേശിനി അശ്വതി(25) കായലില്‍ വീണത്.

കായലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന അഷ്ടമുടി ജീസസ് ഭവനില്‍ നെപ്പോളിയന്‍, അഷ്ടമുടി പുത്തന്‍വിള പുതുവല്‍ റോബര്‍ട്ട്, വടക്കേക്കര മുകളുവിള വീട്ടില്‍ ബിജു, അഷ്ടമുടി യേശുദാസഭവനില്‍ സേവ്യര്‍ എന്നിവരാണ് രക്ഷകരായത്. ഇവരുടെ സമീപത്താണ് യുവതി വെള്ളത്തില്‍ പതിച്ചത്.

മുങ്ങിത്താണ യുവതിയെ നാല്‍വര്‍സംഘം ഉയര്‍ത്തിയെടുത്ത് വള്ളത്തില്‍ കിടത്തിയശേഷം അഞ്ചാലുംമൂട് പോലീസില്‍ അറിയിച്ചു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചാലുംമൂട് എസ്.ഐ.ദേവരാജന്റെ നേതൃത്വത്തില്‍ പോലീസ് പാഞ്ഞെത്തി യുവതിയെ ജീപ്പില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അശ്വതി അപകടനില തരണം ചെയ്തു. കോളേജിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.

Top