യുവതി നാലാം നിലയില്‍ നിന്ന് വീണ് മരിച്ച സംഭവം; പ്രതികള്‍ പിടിയില്‍

ന്യൂഡല്‍ഹി: യുവതി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ഡല്‍ഹി ഷാകുര്‍പുരില്‍ താമസിക്കുന്ന മുകേഷ് കുമാര്‍(35) ഇയാളുടെ സഹായി എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. കെട്ടിടത്തില്‍നിന്ന് വീണതിന് പിന്നാലെ മുകേഷ് കുമാര്‍ യുവതിയെ ചുമലിലേറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇയാള്‍ക്കെതിരേ അയല്‍ക്കാരും മൊഴി നല്‍കി.

നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നാലെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തെത്തിയ മുകേഷ്‌കുമാര്‍ യുവതിയെ തോളിലേറ്റി സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ചില അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

മരിച്ച യുവതി ജാര്‍ഖണ്ഡ് സ്വദേശിയാണെന്നും ഇവര്‍ക്ക് 22 വയസ്സ് പ്രായമുണ്ടെന്നും പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ജോലിക്കായി ഡല്‍ഹിയിലെത്തിയത്. വീട്ടുജോലിക്കാരെ നല്‍കുന്ന ഏജന്റായ മുകേഷിനെ ഇവര്‍ ജോലിക്കാര്യത്തിനായി ബന്ധപ്പെടുകയും ഇയാളുടെ ഫ്‌ളാറ്റിലേക്ക് വരികയും ചെയ്തു. ശനിയാഴ്ച പണമിടപാട് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടർന്നാണ് മുകേഷ് കുമാറിന്റെ ഫ്‌ളാറ്റില്‍  നിന്ന് യുവതി വീണ് മരിച്ചത്.

സ്ഥലത്തെ ചോരപ്പാടുകള്‍ മണ്ണിട്ട് മൂടുകയും ചെയ്തു. പിന്നാലെ സഹായിയെയും കൂട്ടി കാറില്‍ ബിഹാറിലേക്ക് യാത്രതിരിച്ചു. ഇതിനിടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

Top