മലിനജലം കുടിച്ച് കര്‍ണാടകയില്‍ സ്ത്രീ മരിച്ചു; നിരവധി പേര്‍ ആശുപത്രിയില്‍

ബെംഗളൂരു : കര്‍ണാടകയില്‍ മലിനംജലം കുടിച്ച് വീണ്ടും മരണം. ഈ വര്‍ഷം സമാനമായ സംഭവത്തില്‍ മൂന്നുപേര്‍ മരിച്ച യാഡ്ഗിര്‍ ജില്ലയിലാണ് മലിനമായ വെള്ളം കുടിച്ച് ഒരു സ്ത്രീ മരിച്ചത്. ഇരുപതിലേറെ പേരെ ഛര്‍ദിയും വയറിളക്കവും മൂര്‍ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 വയസുള്ള സ്ത്രീയുടെ മരണം ഛര്‍ദിയും വയറിളക്കവും മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മലിനജലം കുടിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ഗ്രാമീണര്‍ പരാതിപ്പെട്ടു.

വിജയപുര ജില്ലയിലെ തളിക്കോട്ടയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് സ്ത്രീ മരിച്ചത്. ഫെബ്രുവരിയില്‍ യാഡ്ഗിര്‍ ജില്ലയിലെ ഗുര്‍മിത്കാല്‍ താലൂക്കിലെ അനപുര്‍ ഗ്രാമത്തില്‍ മലിനജലം കുടിച്ച് മൂന്നു പേര്‍ മരിച്ചിരുന്നു.

ഗ്രാമത്തിലെ ജലശുദ്ധീകരണ സംവിധാനം പ്രവര്‍ത്തനരഹിതമാണെന്നും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറായില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. തങ്ങള്‍ക്കു വിതരണം ചെയ്ത വെള്ളം അഴുക്കുചാലിലെ മലിനജലം കലര്‍ന്നതാണെന്നും അതു കുടിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് രണ്ടു ഡോക്ടര്‍മാരെ ഗ്രാമത്തിലേക്ക് അയച്ചുവെന്ന് താലൂക്ക് ആരോഗ്യ ഓഫിസര്‍ പറഞ്ഞു. രോഗബാധിതരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സജ്ജമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Top