ഭര്‍ത്താവിനെതിരേ ലൗ ജിഹാദ് നിയമം ചുമത്തി കേസെടുക്കണമെന്ന് യുവതിയുടെ പരാതി

ഇന്ദോര്‍: ഭര്‍ത്താവിനെതിരേ ലൗ ജിഹാദ് നിയമം ചുമത്തി കേസെടുക്കണമെന്ന് യുവതിയുടെ പരാതി. മധ്യപ്രദേശിലെ ദ്വാരകാപുരി പോലീസ് സ്റ്റേഷനിലാണ് ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്. യഥാര്‍ഥ പേരും മതവും മറച്ചുവെച്ച് ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

പരാതിയില്‍ പുതിയ ലൗ ജിഹാദ് നിയമപ്രകാരം (മധ്യപ്രദേശ് ധര്‍മ സ്വതന്ത്ര ആദിനിയം 2020) കേസ് രജിസ്റ്റര്‍ ചെയ്തതായി ദ്വാരകാപുരി പോലീസ് അറിയിച്ചു. താന്‍ ഗര്‍ഭിണിയായതോടെയാണ് ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞതെന്നാണ് പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായ യുവതിയെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇതിനിടെ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതായി വന്നു. ഇത് പരിശോധിച്ചപ്പോഴാണ് മുസ്തഫ എന്നാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേരെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. ജിംനേഷ്യത്തിലെ പരിശീലകനായ ഇയാള്‍ ഗബ്ബാര്‍ എന്ന പേരിലാണ് നേരത്തെ യുവതിയെ പരിചയപ്പെട്ടത്.

ഒരു വര്‍ഷം മുമ്പ് ഒരു ജന്മദിനാഘോഷ വേദിയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. യഥാര്‍ഥ പേരും വ്യക്തിത്വവും മറച്ചുവെച്ച് വിവാഹം ചെയ്തതിനാണ് ലൗ ജിഹാദ് നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തതെന്ന് ദ്വാരകാപുരി എസ്.എച്ച്.ഒ. സതീശ് ദ്വിവേദി പറഞ്ഞു.

 

Top