ബലാത്സംഗത്തിനിരയായ യുവതി സ്റ്റേഷനില്‍ ആത്മഹത്യ ചെയ്തു

ഹരിയാന : ബലാത്സംഗത്തിനിരയായ 23 കാരി പൊലീസ് സ്റ്റേഷനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ ജത്‌ലാന പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. കൂട്ട ബലാത്സംഗത്തിനിരയായ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ആരോപണ വിധേയരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണെന്നും എസ്പി കുല്‍ദീപ് സിംഗ് പറഞ്ഞു. യുവതിയുടെയും യുവതിയുടെ അച്ഛന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗ കേസില്‍ മനോജ്, സന്ദീപ്, പര്‍ദ്യുമാന്‍ എന്നിവരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

2019 മേയ് പത്തിനും ജൂലായ് ഏഴിനും ഇടക്കാണ് യുവതി ബലാത്സംഗത്തിനിരയായത്. ആഗസ്റ്റ് 13, 19 യമുനാനഗര്‍ എസ്പിക്ക് മുന്നിലെത്തി പരാതി നല്‍കി.

മൊഴി രേഖപ്പെടുത്തിയെങ്കിലും കേസെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് ശ്രമിച്ചില്ല. സെപ്റ്റംബര്‍ രണ്ടിനാണ് കേസെടുത്തത്. പൊലീസ് നടപടി വൈകുന്നതില്‍ യുവതി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Top