പിസി ജോര്‍ജ്ജ് എംഎല്‍എയുടെ വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന് വനിത കമ്മീഷന്‍

pc george

തിരുവനന്തപുരം: പിസി ജോര്‍ജ്ജ് എംഎല്‍എയുടെ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന വനിത കമ്മീഷന്‍ രംഗത്ത്.

ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് കമ്മീഷന്‍ പിസി ജോര്‍ജ്ജിന്റെ നടപടികളെ വിമര്‍ശിച്ചിരിക്കുന്നത്.

ജോര്‍ജ്ജിന്റെ സൗകര്യംകൂടി പരിഗണിച്ച് അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.

അപകീര്‍ത്തി പരാമര്‍ശങ്ങളുടേ പേരില്‍ സ്വമേധയ കേസെടുത്തതിനെ വിമര്‍ശിച്ച് വനിത കമ്മീഷനെതിരെ പിസി ജോര്‍ജ്ജ് നടത്തിയ പ്രസ്താവന പദവി മറന്നുള്ളതാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കാല്‍നൂറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോകില്ല. പ്രബലരായ നിരവധി ആളുകള്‍ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി തരികയും നിയമവ്യവസ്ഥകള്‍ അംഗീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്തിട്ടുണ്ട്. ആരുടേയും വിരട്ടല്‍ വിലപ്പോയിട്ടില്ല. ആ മനോഭാവം ആര്‍ക്കും ഭൂഷണവുമല്ല.

ജനപ്രതിനിധികള്‍ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂരു പുലര്‍ത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും വനിത കമ്മീഷന് അധികാരം നല്‍കുന്ന നിയമം നിയമസഭ പാസാക്കിയതാണ്. ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിത കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്തുനിന്ന് നീതി നിഷേധം ഉണ്ടായാലും ഇടപെടും. ഒരു പരിഗണനയും ആര്‍ക്കുമില്ല. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കമ്മീഷന് നല്‍കിയിട്ടുള്ള അധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്ന് ബോധ്യപ്പെടുന്ന കാലമാണ് വരുന്നത്. ആരോപണങ്ങളോടല്ല, സംഭവങ്ങളോടാണ് കമ്മീഷന്‍ നിലപാട് സ്വീകരിക്കുന്നത്.

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ അവഹേളിച്ചു എന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചതിനു പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കമ്മീനെ പരിഹസിച്ച് പി.സി. ജോര്‍ജ് സംസാരിച്ചത്.

കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ ജോര്‍ജ് തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ എന്നും പരിഹസിച്ചിരുന്നു.

Top