ഗായിക അനുരാധ പോഡ്‌വാള്‍ തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി

ത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പോഡ്‌വാള്‍ തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി രംഗത്തെത്തി. തന്റെ മാതൃത്വം അംഗീകരിച്ച് നല്‍കണമെന്ന ആവശ്യവുമായാണ് യുവതി എത്തിയിരിക്കുന്നത്. ഇതിന് വേണ്ടി ജില്ലാ കുടുംബ കോടതിയെ യുവതി സമീപിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് താമസമാക്കിയ കര്‍മ്മല മോഡെക്‌സ് എന്ന യുവതിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സംഗീത ജീവിതത്തിലെ തിരക്കുകള്‍ കാരണം കുഞ്ഞിനെ വേണ്ടെന്നും സംഗീതത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വന്നതോടെ പെണ്‍കുഞ്ഞിനെ കുടുംബ സുഹൃത്തായിരുന്ന വര്‍ക്കല സ്വദേശികളായ പൊന്നച്ചന്‍, ആഗ്‌നസ് ദമ്പതികളെ ഏല്‍പ്പിച്ചുവെന്നാണ് യുവതി പറയുന്നത്. സൈനികനായിരുന്ന പൊന്നച്ചന്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയപ്പോള്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോകാന്‍ വന്നിരുന്നുവെന്നും എന്നാല്‍ കുട്ടി അവര്‍ക്കൊപ്പം പോകാന്‍ തയ്യാറാവാത്തതിനാല്‍ മടങ്ങുകയായിരുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൊന്നച്ചന്‍ തന്നോട് ഈ വിവരം വെളിപ്പെടുത്തിയതെന്നും അന്ന് മുതല്‍ ഗായിക അനുരാധയെ കാണാന്‍ ശ്രമിച്ചെങ്കിലും അവര്‍ അനുമതി നല്‍കിയിരുന്നില്ല. മകളായി അംഗീകരിക്കണമെന്ന ആവശ്യവും അവര്‍ നിരാകരിക്കുകയും മറ്റു രണ്ട് മക്കള്‍ അനുവദിക്കില്ലെന്ന മറുപടിയാണ് നല്‍കിയതെന്നുമാണ് കര്‍മ്മല പറയുന്നത്.

തനിക്ക് ലഭിക്കേണ്ട മാതൃത്വവും, ബാല്യ കൗമാര കാലങ്ങളിലെ പരിചരണവും നിഷേധിച്ചതിനാല്‍ 50 കോടി രൂപ നഷ്ടപരിഹാരമായി കിട്ടണമെന്നാണ് കര്‍മ്മല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അനുരാധക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജനുവരി 27ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍മ്മലയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ യുവതിയുടെ അവകാശ വാദങ്ങളെക്കുറിച്ച് ഗായിക ഇനിയും പ്രതികരിച്ചിട്ടില്ല.

Top