ജോ ബൈഡന്റെ പ്രസംഗത്തിനിടെ ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ ആവശ്യമുയര്‍ത്തി യുവതി

വാഷിങ്ടന്‍ :നൂറുകണക്കിനു മനുഷ്യരുടെ മരണത്തിന് ഇടയാക്കി ഇസ്രയേല്‍ – ഹമാസ് പോരാട്ടം അയവില്ലാതെ തുടരുന്നതിനിടെ, സംഘര്‍ഷത്തിന് ഒരു ഇടവേള ആവശ്യമാണെന്നു പരസ്യമായി ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച വൈകിട്ട് മിനസോഡയിലെ ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ, ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജോ ബൈഡന്റെ പ്രസംഗം ഒരു യുവതി തടസ്സപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, പോരാട്ടത്തിന് ഒരു ഇടവേള ആവശ്യമാണെന്നു ബൈഡന്‍ അഭിപ്രായപ്പെട്ടത്. പ്രതിഷേധക്കാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് സദസില്‍നിന്നു നീക്കി.

ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ സായുധസംഘം ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേല്‍ പ്രത്യാക്രമണം ആരംഭിച്ചതു മുതല്‍, ഇസ്രയേലിനു തിരിച്ചടിക്കാന്‍ അവകാശമുണ്ട് എന്നതാണ് യുഎസിന്റെ പരസ്യമായ നിലപാട്. ഇതിനിടെയാണ്, സംഘര്‍ഷത്തിന് ഇടവേള ആവശ്യമാണെന്ന ബൈഡന്റെ പ്രഖ്യാപനം.സംഘര്‍ഷം ആരംഭിച്ചശേഷം ആദ്യമായി റഫാ അതിര്‍ത്തി തുറന്നുകൊടുത്ത ഈജിപ്ത്, സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ 81 പലസ്തീന്‍കാരെയും വിദേശപൗരന്‍മാരായ മുന്നൂറിലധികം പേരെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചിരുന്നു. കൂടുതല്‍ വിദേശപൗരന്‍മാരെ റഫാ അതിര്‍ത്തി വഴി ഗാസയില്‍നിന്ന് പുറത്തെത്തിക്കുമെന്നാണ് വിവരം.

വെടിനിര്‍ത്തല്‍ വേണമെന്ന് ഇതുവരെ ഇസ്രയേലിനോടു പരസ്യമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, യുദ്ധമുഖത്ത് ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് സഹായമെത്തിക്കാനും ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്‍മാരെ പുറത്തെത്തിക്കാനും ഒക്ടോബര്‍ ഏഴിനു നടത്തിയ ആക്രമണത്തിനിടെ ഹമാസ് സായുധസംഘം ബന്ദികളാക്കി ഗാസയിലേക്കു കടത്തിയ 240ഓളം പേരെ മോചിപ്പിക്കാനും സംഘര്‍ഷത്തിന് ഇടവേള നല്‍കണമെന്ന് യുഎസ് പലതവണ സൂചന നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മാനുഷിക പരിഗണന കാണിക്കണമെന്ന് യുഎസ് ഭരണകൂടം ഒളിഞ്ഞും തെളിഞ്ഞും ഉയര്‍ത്തുന്ന ആവശ്യം.

 

Top