ബംഗളൂരുവില്‍ ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌തു; യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനം

ബംഗളൂരു : ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌തെന്ന് പറഞ്ഞ് യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനം. പട്ടാപ്പകല്‍ നടുറോഡില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്ര റദ്ദാക്കിയതിന് പിന്നാലെയാണ് യുവതിയെ ഡ്രൈവര്‍ ആക്രമിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

ശനിയാഴ്ച ബംഗളൂരു ബെല്ലന്ദൂരിലാണ് സംഭവം നടന്നത്. യുവതി വൈറ്റ് ഫീല്‍ഡിലേക്കാണ് യുവതി ഓട്ടോ ആപ്പിലൂടെ ബുക്ക് ചെയ്തത്. ഇടുങ്ങിയ പാതയില്‍ ലഗേജുമായി യുവതി ഓട്ടോയ്ക്കായി കാത്തുനില്‍ക്കുന്നതും വാഹനം സ്ഥലത്തെത്തുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഓട്ടോ സ്ഥലത്തെത്തിയപ്പോള്‍ യുവതി യാത്ര റദ്ദാക്കി. ഇതോടെ ഓട്ടോ ഡ്രൈവര്‍ യു-ടേണ്‍ എടുത്ത് തിരിച്ചു പോകാന്‍ ശ്രമിച്ചു. ഓട്ടോ തിരിച്ച ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ ഓട്ടോ യുവതിയെ ആക്രമിക്കുകയായിരുന്നെന്ന് ദൃശ്യങ്ങളില്‍ കാണാം. ഓട്ടോയില്‍ നിന്ന് ഇറങ്ങി വന്ന് ഡ്രൈവര്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. രക്ഷപ്പെടാനായി യുവതിയും ഡ്രൈവര്‍ മര്‍ദിച്ചു. ആളുകള്‍ തടിച്ചുകൂടിയതോടെ ഓട്ടോ ഡ്രൈവര്‍ യുവതിയെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചതോടെ പൊലീസ് യുവതിയെ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതിയായ ഓട്ടോ ഡ്രൈവറെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Top