പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്; ‘വൈറസി’ന്റെ റിലീസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതി

കൊച്ചി: കേരളക്കരയെ വീണ്ടും ഭീതിയിലാഴ്ത്തി നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആഷിഖ് അബുവിന്റെ ‘വൈറസ്’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവതി രംഗത്ത്. പെരിന്തല്‍മണ്ണ സ്വദേശിയായ അനുപമ ആനമങ്ങാടാണ് ആഷിഖ് അബുവിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇപ്പോള്‍ ചിത്രം റിലീസ് ചെയ്താല്‍ അത് പരിഭ്രാന്തി പരത്തുകയാണ് ചെയ്യുകയെന്നും, അതിന് പകരം ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും അനുപമ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ആഷിക് അബുവിനോടും ടീമിനോടും ഒരു അഭ്യര്‍ത്ഥനയുണ്ട്. നിപ്പ ഭീതി വീണ്ടു പടരുന്ന സ്ഥിതിക്ക്, വൈറസ് മൂവീ റിലീസ് ഇപ്പോള്‍ ചെയ്യുന്നതില്‍ ധാര്‍മികമായ ഒരു പ്രശ്‌നമുണ്ടെന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നു. കയ്യിലുള്ള റിസോഴ്‌സസ് ആരോഗ്യ വകുപ്പിന്റെ കാമ്പെയ്‌നുകളെ സഹായിക്കാന്‍ ഉപയോഗപ്പെടുത്താന്‍ പറ്റുമെങ്കില്‍ അതാവും ഉചിതം.

ഒന്നാമത്, ആള്‍ക്കൂട്ടത്തിരക്ക് ഉണ്ടാക്കും വിധമുള്ള സിനിമാറിലീസുകളും മറ്റു പരിപാടികളും എല്ലാം തന്നെ തത്കാലം മാറ്റിവെക്കുന്നതാവും നല്ലത്. മറ്റൊന്ന്, സിനിമയില്‍ കാണിക്കുന്ന പലതും കൂടുതല്‍ പരിഭ്രാന്തി പടര്‍ത്താനും കാരണമായേക്കും എന്ന് ആശങ്കയുണ്ട്.

ഇപ്പോള്‍ നമുക്കു വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രതയാണ്. സിനിമയില്‍ സ്വാഭാവികമായും ഉള്‍പ്പെടുത്തുന്ന വൈകാരികതയും രോഗബാധിതരുടെ ചുറ്റുപാടുകളും മറ്റും മറിച്ചൊരു ഇഫക്ട് ഉണ്ടാക്കിയേക്കില്ലേ?

Top