വര്‍ക്കലയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീ അറസ്റ്റില്‍

വര്‍ക്കല: ഗാര്‍ഹിക പീഡനത്തിനെതിരെ കോടതിയുടെ സംരക്ഷണ ഉത്തരവ് നേടിയ വീട്ടമ്മയെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ചേര്‍ന്നു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതികളിലൊരാളുടെ ഭാര്യ അറസ്റ്റില്‍.

കേസിലെ ഒന്നാം പ്രതിയായ അഹദിന്റെ ഭാര്യ ഇടവ പുന്നക്കുളം അറഫാത്ത് മന്‍സിലില്‍ നിന്നു ഇലകമണ്‍ അയിരൂര്‍ കളത്തറ എംഎസ് വില്ലയില്‍ താമസിക്കുന്ന റഹീനയുടെ(32) അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച നടന്ന കൊലപാതകത്തിനു പിന്നാലെ ഇവര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. കേസിലെ നാലാം പ്രതിയാണിവര്‍. മറ്റു പ്രതികളായ അഹദ്, ഷാജി, മുഹ്സിന്‍ എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നു ഡിവൈഎസ്പി സി.ജെ.മാര്‍ട്ടിന്‍ അറിയിച്ചു.

റഹീന ഉള്‍പ്പെട്ട സംഘമാണ് അയിരൂര്‍ കളത്തറ എംഎസ് വില്ലയില്‍ ലീനാമണിയെ(53) ആക്രമിച്ചത്. ഒന്നരവര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവ് സിയാദിന്റെ വീട്ടില്‍ താമസിക്കുന്ന ലീനാമണിയെ സ്വത്തിന്റെ പേരിലാണ് മര്‍ദിച്ചത്. സിയാദ് മരിച്ചതോടെ സ്വത്തില്‍ സഹോദരങ്ങളും അവകാശവാദം ഉന്നയിച്ചു. ഇതിന്റെ ഭാഗമായി 2 മാസം മുന്‍പ് സിയാദിന്റെ സഹോദരന്മാരില്‍ ഒരാളായ അഹദും കുടുംബവും ഇവരുടെ വീട്ടില്‍ താമസമാക്കി. ഇതിനെതിരെ ലീനാമണി കേസ് നല്‍കിയിരുന്നു. കൊല നടക്കുന്നതിന്റെ തലേന്ന് ലീനാമണിക്കു കോടതിയുടെ സംരക്ഷണ ഉത്തരവ് ലഭിച്ചിരുന്നു. അന്നു വൈകിട്ട് പൊലീസ് എത്തി ഉത്തരവ് ലീനാമണിക്കും അഹദിനും കൈമാറി.

Top