അമേരിക്കയിൽ ഊബര്‍ ഡ്രൈവറുടെ കാറും ക്രെഡിറ്റ് കാര്‍ഡുമായി യുവതി മുങ്ങി; ഒടുവിൽ പിടിയില്‍

ടെക്സസ് : ഊബര്‍ ഡ്രൈവറുടെ കാറും ക്രെഡിറ്റ് കാര്‍ഡുമായി മുങ്ങിയ യുവതി പിടിയില്‍. ന്യൂഷ അലക്‌സാൻഡ്ര എന്ന 27 വയസ്സുകാരിയാണ് പിടിയിലായത്. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ഓസ്റ്റിന്‍ വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ഓസ്റ്റിന്‍ പൊലീസിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ- വിമാനത്താവളത്തിലേക്ക് പോകാനാണ് യുവതി ഹോട്ടലില്‍ വെച്ച് ഊബര്‍ ബുക്ക് ചെയ്തത്. ഡിസംബർ 10 ന് അര്‍ധരാത്രിയായിരുന്നു സംഭവം. കാര്‍ കൃത്യ സമയത്ത് വന്നു. പക്ഷെ വളരെ പതുക്കെയാണ് ഡ്രൈവര്‍ ഓടിച്ചിരുന്നത്. ഇതോടെ യുവതി അസ്വസ്ഥയായി. ഡ്രൈവറുടെ ഫോൺ കൈക്കലാക്കി പുറത്തേക്കെറിഞ്ഞു. തുടർന്ന് ഡ്രൈവർ കാര്‍ നിർത്തി ഫോൺ എടുക്കാൻ പോയി. ഡ്രൈവർ കാറിന് പുറത്തിറങ്ങിയതും ന്യൂഷ ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കയറി ഇരുന്ന് കാര്‍ മുന്നോട്ടേക്ക് എടുത്തു. താന്‍ വിമാനത്താവളത്തിലേക്ക് പോവുകയാണെന്ന് ഡ്രൈവറോട് വിളിച്ചു പറയുകയും ചെയ്തു.

തന്റെ കാര്‍ മോഷ്ടിക്കപ്പെട്ടതായി ഡ്രൈവര്‍ പൊലീസില്‍ പരാതി നല്‍കി. കാർ പിന്നീട് വിമാനത്താവളത്തിലെ ടെർമിനലിന് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വിമാനത്തിൽ കയറാൻ പോയ യുവതിയെ പിടികൂടുകയും ചെയ്തു. തന്നെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോവുകയാണെന്ന് തോന്നിയതിനാലാണ് ഡ്രൈവറെ പുറത്തിറക്കി താന്‍ കാറോടിച്ച് പോയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇതു വിശ്വസിച്ചില്ല. 911 എന്ന നമ്പറിൽ വിളിക്കാൻ യുവതി ശ്രമിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ഡ്രൈവറുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പതിനായിരത്തിലധികം രൂപയുടെ (130 ഡോളര്‍) സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. ഈ സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തു.

വാഹനം അനധികൃതമായി കൈവശപ്പെടുത്തി, ക്രെഡിറ്റ് കാർഡ് ദുരുപയോഗിച്ചു എന്നീ കുറ്റങ്ങള്‍ യുവതിക്കെതിരെ ചുമത്തി. യുവതിയെ ട്രാവിസ് കൗണ്ടി ജയിലിലേക്ക് മാറ്റി. പിന്നീട് ഡിസംബർ 12ന് ജാമ്യത്തില്‍ വിട്ടയച്ചു.

Top