സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ല ; ആദിവാസി യുവതി ഓവുചാലില്‍ കുഞ്ഞിന് ജന്മം നൽകി

ഭുവനേശ്വര്‍ : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പരിശോധിയ്ക്കാതെ തിരിച്ചയച്ച ആദിവാസി യുവതി ആശുപത്രി പരിസരത്തെ ഓവുചാലില്‍ കുഞ്ഞിന് ജന്മം നൽകി.

ഡീഷയിലെ കോരാപുട്ടിലുള്ള ഷഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്.

യുവതിയെ പരിശോധിക്കുന്നതിനായി വ്യക്തമായ രേഖകളിലെന്ന് പറഞ്ഞാണ് ചികിത്സ നിഷേധിച്ചത്‌.

ആശുപത്രി കാന്റീന് സമീപത്തെ ഓവുചാലില്‍ വച്ചാണ് യുവതി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ജനിഗുഡ ഗ്രാമസ്വദേശിനിയാണ് യുവതി.

മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ഇവർ ആശുപത്രിയിൽ എത്തിയത്.

ആശുപത്രിയിൽ എത്തിയപ്പോൾ പ്രസവ വേദന അനുഭവപ്പെടുകയായിരുന്നുവെന്നും, തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തില്‍ ചെന്നെങ്കിലും മതിയായ രേഖകളില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ അഡ്മിറ്റ് ചെയ്യാന്‍ അനുവദിച്ചില്ലെന്നും യുവതിയുടെ അമ്മ ആരോപിച്ചു.

സംഭവം വാർത്തയായതോടെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെയും , കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എന്നാൽ യുവതി പരിശോധനയ്ക്ക് വേണ്ടി ആശുപത്രി അധികൃതരെ സമീപിച്ചിട്ടില്ലെന്നും പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനിടെയാണ് യുവതി പ്രസവിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലളിത് മോഹന്‍ റാത്ത് വ്യക്തമാക്കി.

Top