ആരേയും പരിഹസിക്കരുത്; അന്ധവിശ്വാസത്തിന്റെ കെട്ട് പൊട്ടിച്ച ഫിനിക്‌സ് പക്ഷി

ഒഡിഷ: ഒരാളേയും പരിഹസിക്കരുത് എന്ന് പറയുന്നത് വെറുതെയല്ല കേട്ടോ.. അതുപോലെ തന്നെ സ്വന്തം ദുരിതത്തെ ഓര്‍ത്ത് വിഷമിക്കുകയും ചെയ്യരുത്. ഇതാ ഈ കഥ കേട്ടാല്‍ അത് ശരിക്കും ബോധ്യപ്പെടും.

ഒഡിഷ സ്വദേശിനി കുമാരി നായിക്കാണ് ഇവിടത്തെ കഥാപാത്രം. ഇരുടെ കൈകാലുകള്‍ കണ്ട് പലരും ഭയന്നോടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വിരലുകളുള്ള വ്യക്തിയാണ് കുമാരി. ഇവര്‍ക്ക് 19 കാല്‍ വിരലുകളും 12 കൈവിരലുകളുമാണ് ഉള്ളത്. പോളിഡാക്‌റ്റൈലിസം എന്ന അവസ്ഥയാണ് കുമാരിയെ വികൃതമാക്കിയത്. പക്ഷെ കുമാരിയുടെ ഗ്രാമവാസികള്‍ക്ക് ഇത് പോളിഡാക്‌റ്റൈലിസം ആണെന്നോ ഒന്നും ചിന്തിക്കാനുള്ള കഴിവില്ലായിരുന്നു.

തുടര്‍ന്ന് ഗ്രാമത്തിലുള്ളവര്‍ കുമാരിയെ ഒരു മന്ത്രവാദിനിയായാണ് കണ്ടിരുന്നത്. അവരെ എല്ലാവരും ആട്ടിയോടിക്കുകയും കല്ലെടുത്തെറിയുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി ഈ ജീവിതം.

‘ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്. ഒരു പാവപ്പെട്ട കുടുംബത്തിലായതുകൊണ്ട് എനിക്ക് ചികിത്സ തേടാന്‍ സാധിച്ചില്ല. എന്റെ വീടിനടുത്തുള്ളവരെല്ലാം അന്ധവിശ്വാസികളാണ്. ഞാന്‍ ഒരു മന്ത്രാവാദിനിയാണെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് എല്ലായ്‌പ്പോഴും അവര്‍ എന്നെ മാറ്റി നിര്‍ത്തിയിരുന്നു.’ കുമാരി നായിക് പറയുന്നു.

പക്ഷെ തങ്ങളുടെ ദുരവസ്ഥ പിന്നീട് ഒരു അനുഗ്രഹമായി മാറിയ പല ജീവിതങ്ങളും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ കുമാരിക്കും സംഭവിച്ചു. അപൂര്‍വ്വമായ തന്റെ അവസ്ഥ കുമാരിക്ക് നേടികൊടുത്തത് ഗിന്നസ് റെക്കോര്‍ഡാണ്. കുമാരി ഗിന്നസ് റെക്കോര്‍ഡിലെത്തിയതോടെ സര്‍ക്കാര്‍ അധികൃതര്‍ അവരെ തേടിയെത്തി. പുതിയ വീടും അര്‍ഹതപ്പെട്ട പെന്‍ഷനും നല്‍കാനും തീരുമാനമായി. ഗ്രാമവാസികളുടെ അടുത്ത് ഇതുസംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനും ഗ്രാമത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

സ്വന്തം ദുരിതത്തെ ഓര്‍ത്ത് വിഷമിക്കരുത്. ഒരു പക്ഷെ നാളത്തെ കുമാരി നിങ്ങളായേക്കാം.

Top