ബാഗ്ദാദില്‍ വീണ്ടും ആക്രമണം; യു.എസ്. എംബസിക്ക് സമീപം രണ്ട് റോക്കറ്റുകള്‍ പതിച്ചു

ബാഗ്ദാദ്: ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച അര്‍ധരാത്രിയോടെ അമേരിക്കന്‍ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അല്‍ അസദ് സൈനികാസ്ഥാനങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ആള്‍ നാശമുണ്ടായില്ലെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം.

സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ, പെന്റഗണോ പ്രതികരിച്ചിട്ടില്ല.നേരത്തെ യു.എസിന്റെ രണ്ടു സൈനികതാവളങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു. ഇര്‍ബില്‍, അല്‍ അസദ് സൈനികാസ്ഥാനങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് തള്ളിക്കളഞ്ഞിരുന്നു.

Top