കൃഷണ മൃഗത്തിനു നേരെ വെടിയുതിര്‍ക്കാന്‍ സല്‍മാനെ നിര്‍ബന്ധിച്ചത് താബു

tabusallu

ജോധ്പൂര്‍: കൃഷ്ണ മൃഗത്തെ വെടിവയ്ക്കാന്‍ സല്‍മാനെ നിര്‍ബന്ധിച്ചത് ബോളിവുഡ് താരം താബു ആണെന്ന് വെളിപ്പെടുത്തല്‍. സംഭവത്തിലെ ദൃക്‌സാക്ഷി കോടതിയില്‍ പറഞ്ഞതാണ് ഇക്കാര്യം. 1998 ഒക്ടോബര്‍ 1-നും 2-നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹം സാത് സാത് ഹെ എന്ന ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം.

കൃഷ്ണമൃഗം അടുത്തെത്തിയപ്പോള്‍ സല്‍മാനോട് കാഞ്ചി വലിക്കാന്‍ താബുവാണ് ആവശ്യപ്പെട്ടതെന്നാണ് ദൃക്‌സാക്ഷി മൊഴി നല്‍കിയത്. എന്നാല്‍ താബു അടക്കമുളള മറ്റ് താരങ്ങളെ കോടതി വെറുതെ വിട്ടിരുന്നു. സെയ്ഫ് അലിഖാന്‍, സൊനാലി, നീലം എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി ഇവരെ വെറുതെ വിട്ടത്.

20 വര്‍ഷത്തിനു ശേഷമാണ് കേസില്‍ സല്‍മാന്‍ ഖാനെതിരെ കോടതി വിധി പുറപ്പെടുവിച്ചത്. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് കേസില്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ വിചാരണ കോടതി വിധിച്ചത്. സെയ്ഫ് അലിഖാന്‍, നീലം, സൊനാലി ബന്ദ്രെ, താബു എന്നിവര്‍ക്കൊപ്പം ജോധ്പൂരിലെ കണ്‍കാനി ഗ്രാമത്തിലാണ് സല്‍മാന്‍ വേട്ടയ്ക്ക് പോയതെന്നാണ് ആരോപണം.

ഇവര്‍ വേട്ടയാടുന്നത് കണ്ട പ്രദേശത്തെ ബിഷ്‌ണോയി സമുദായക്കാരാണ് അക്രമത്തിനെതിരെ രംഗത്തെത്തിയത്. ഇതിന് പിന്നാലെ സല്‍മാനും മറ്റ് താരങ്ങള്‍ക്കുമെതിരെ കൃഷ്ണ മൃഗത്തെ വേട്ടയാടിയതിന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വനംവന്യജീവി (സംരക്ഷണം) സെക്ഷന്‍ 51 നിയമപ്രകാരം താരങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം സല്‍മാനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി ചുമത്തിയിട്ടുണ്ട് മൂന്ന് ചിങ്കാരമാനുകളെ വെടിവെച്ചു കൊന്നതിനാണിത്. സെപ്തംബര്‍ 26-നും 28-നും ആയിരുന്നു സംഭവം. ഈ കേസില്‍ 2006 ഏപ്രില്‍ മാസവും 2007 ഓഗസ്റ്റ് മാസവും അദ്ദേഹം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ജോധ്പൂരിലെ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സല്‍മാന്‍ ഖാന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. സുരക്ഷാ കാരണങ്ങളാലാണ് സല്‍മാനെ കോടതിയില്‍ ഹാജരാക്കായതിരുന്നത്.

Top