ശരിയായ പ്രതിരോധ നടപടികള്‍ തുണച്ചു; ഇല്ലെങ്കില്‍ രണ്ടുലക്ഷം കേസുകള്‍ ഉണ്ടായേനെ !

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ 41 ശതമാനം ഉയര്‍ന്നേനെ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിരോധ നടപടികളൊന്നും സ്വീകരിച്ചില്ലായിരുന്നെങ്കില്‍ ഈ സമയം രണ്ടുലക്ഷം കേസുകളുണ്ടാകുമായിരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞത്.

കോവിഡ് 19 വൈറസ് ബാധയ്ക്കെതിരെ ഇന്ത്യയുടെ പ്രതികരണം ക്രിയാത്മകമായിരുന്നു. കൃത്യമായ സമീപനത്തോടെ നാം കാര്യങ്ങളെ പിന്തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്ത് 586 കോവിഡ് ആശുപത്രികളുണ്ടെന്നും ഒരുലക്ഷത്തിലധികം ഐസൊലേഷന്‍ ബെഡ്ഡുകളുണ്ടെന്നും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ കോവിഡ് പോരാട്ടം സംബന്ധിച്ച് ഏകാഭിപ്രായമാണ് ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ നടപടികള്‍ നേരത്തെ സ്വീകരിക്കാനായത് ഗുണകരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സുരക്ഷ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം രാജ്യത്ത് ഇതിനോടകം 7,447 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 642 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേര്‍ മരിക്കുകയും 1,035 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. 293 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

Top