പ്രതിസന്ധിയിലും പൊതുവികസനം തടസ്സമില്ലാതെ; ദേശീയ പാത വികസനത്തിന് തുടക്കമാകുന്നു

തിരുവനന്തപുരം: കേരളത്തിന് പ്രതിസന്ധി കാലമാണെങ്കിലും സംസ്ഥാനത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമായ ദേശീയപാത വികസനത്തിന് തുടക്കമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമായി തലപ്പാടി-ചെങ്കള റീച്ചിന്റെ പ്രവര്‍ത്തനത്തിന് അനുമതിയായെന്നും പദ്ധതിക്ക് സ്റ്റാന്റിങ് ഫിനാന്‍സ് കമ്മിറ്റി അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു.ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയപാത വികസനത്തിനായി സഹായകരമായ നിലപാടെടുത്ത കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തലപ്പാടി-ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ ദൂരം 45 മീറ്റര്‍ വീതിയില്‍ ആറ് വരിയാക്കി വികസിപ്പിക്കുന്നതാണ് പദ്ധതി. ഇതിന് 1968.84 കോടി ചിലവാകും.

രണ്ടര വര്‍ഷം കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് 35.66 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് 683.9 കോടി ചിലവ് പ്രതീക്ഷിക്കുന്നുവെന്നും ഈ തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും. തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ 521.81 കിലോമീറ്റര്‍ ദേശീയപാതാ വികസനത്തിനാണ് ആവശ്യപ്പെട്ടത്. 226.22 കിമീ ദൂരം വികസിപ്പിക്കാനുള്ള എട്ട് പദ്ധതികള്‍ ഈ വര്‍ഷം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

18 കിലോമീറ്റര്‍ ദൂരമുള്ള തലശേരി-മാഹി ബൈപ്പാസ് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 28.6 കിലോമീറ്റര്‍ വരുന്ന കോഴിക്കോട് ബൈപ്പാസ് ആറ് വരിയാക്കാനുള്ള നടപടികളും തുടങ്ങി. ഭൂമിയേറ്റെടുക്കാന്‍ 20000 കോടി ചെലവാക്കപ്പെടുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Top