മഹാരാഷ്ട്രയിലും ബിഹാറിലും സീറ്റ് നിഷേധിച്ചു; സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഎം

മുംബൈ: മഹാരാഷ്ട്രയിലെ ദിണ്ഡോരിയിലും ബീഹാറിലെ ഉജിയര്‍പുരിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി സിപിഎം. വിശാല സഖ്യം സീറ്റ് നിഷേധിച്ചതോടെയാണ് വിശാലപ്രതിപക്ഷ സഖ്യത്തില്‍ നിന്ന് സിപിഎം പിന്മാറിയത്.

കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചയില്‍ നാഷിക് ജില്ലയിലെ ദിന്‍ഡോറി സീറ്റ് എന്‍സിപിക്ക് നല്‍കാമെന്നായിരുന്നു ധാരണയായിരുന്നത്. എന്നാല്‍ വിജയസാധ്യതയുള്ള ഈ സീറ്റ് വേണമെന്ന് സിപിഎം ആവശ്യപ്പെടുകയായിരുന്നു. മഹാരാഷ്ട്രയിലെ കാര്‍ഷികമേഖലയിലുള്ള പ്രധാനസീറ്റുകളിലൊന്നാണ് ദിന്‍ഡോറി. കഴിഞ്ഞ മൂന്ന് തവണയും ഇവിടെ ജയിച്ചത് ബിജെപിയാണ്. കര്‍ഷകരുടെ സ്വാധീന മേഖലയാണ് ദിണ്ഡോരി. കര്‍ഷകപ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും സിപിഎമ്മിന് നല്ല സ്വാധീനം ലഭിച്ച മേഖലയാണിത്.

എന്നാല്‍ സീറ്റ് എന്‍സിപിക്ക് തന്നെ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ സഖ്യത്തില്‍ നിന്ന് പിന്‍മാറി ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. ബീഹാറില്‍ ഉജിയാര്‍പുര്‍ സീറ്റും സിപിഎമ്മിന് നല്‍കില്ലെന്ന് ആര്‍ജെഡി തീരുമാനിച്ചതോടെയാണ് ഇവിടെയും ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചത്.

Top