അതിര്‍ത്തിയിലെ സേനാ പിന്മാറ്റം എവിടെ? കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുയരുന്നു

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സേനകളുടെ പിന്‍മാറ്റം എവിടെയാണെന്നും ഏത് ദിശയിലാണെന്നും വ്യക്തമാക്കണമെന്ന ചോദ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. സേന പെട്രോളിങ്, എല്‍എസി വിന്യാസം തുടങ്ങിയ സംബന്ധിച്ചും പ്രതിപക്ഷം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇതിനിടെ ചൈന ഭൂട്ടാനുമായി അതിര്‍ത്തി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഇന്ത്യയെ ലക്ഷ്യമിട്ട് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ്, പങ്കോങ് ഫിന്‍ഗേഴ്‌സ് എന്നീ മേഖലകളിലാണ് ചൈനീസ് സേന പിന്മാറാന്‍ ആരംഭിച്ചത്. പെട്രോളിംഗ് പോയിന്റ് 15 ല്‍ പിന്മാറ്റം പൂര്‍ത്തിയായതായി സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍ ചൈനീസ് സേന നേരത്തെ എവിടെയാണ് ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ എവിടെയാണെന്നും വ്യക്തമാക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

സൈന്യം പിന്‍മാറ്റം സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി, ചൈനീസ് കയ്യേറ്റം ഉണ്ടായതായി അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നു. രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി മാപ്പ് പറയണമെന്നാണ് ആവശ്യം.

രാജ്യത്തെ ജനങ്ങള്‍ സത്യമറിയാന്‍ ട്രഷര്‍ ഹണ്ട് നടത്തണമോ എന്ന് പി ചിദംബരം ചോദിച്ചു. പുതിയ പ്രോട്ടോകോളില്‍ സംഘര്‍ഷ മേഖലയിലെ പെട്രോളിംഗിന് അനുവദിക്കില്ല എന്നുണ്ടോ, ബഫര്‍സോണ്‍ സംബന്ധിച്ച നിലപാട് എന്താണ്, എല്‍എസി വിന്യാസം സംബന്ധിച്ച് വ്യക്തത വേണം എന്നിവ പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെ വാല ആവശ്യപ്പെട്ടു. എന്നാല്‍ ബഫര്‍സോണ്‍ താല്‍ക്കാലികമാണെന്നും പെട്രോളിംഗിന് തടസ്സമില്ലെന്നുമാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Top