ഇറാനെതിരായ ആയുധ ഉപരോധം പിന്‍വലിച്ചാലുണ്ടാകുന്നത് വന്‍ പ്രത്യാഘാതം!!

ഇറാനെതിരായ ആയുധ ഉപരോധം നീട്ടണമെന്നാവശ്യവുമായി സൗദി മന്ത്രി സഭ. ഇറാനെതിരായ ആയുധ ഉപരോധം പിന്‍വലിക്കുന്നത് മേഖലയില്‍ വന്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സൗദി മന്ത്രിസഭ വ്യക്തമാക്കി. വിദേശത്ത് നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതില്‍ ഇറാനെ തടയുന്ന യുഎന്‍ ഉപരോധം ഒക്ടോബര്‍ 18നാണ് അവസാനിക്കുന്നത്. ഉപരോധം അനിശ്ചിത കാലത്തേക്ക് നീട്ടാനുള്ള അമേരിക്കയുടെ നീക്കം യുഎന്‍ രക്ഷാ സമിതിയില്‍ നേരത്തെ പരാജയപ്പെട്ടിരുന്നു.

യുറേനിയം സമ്പുഷ്ടീകരണം ചൂണ്ടിക്കാട്ടി 2007ലാണ് ഇറാനെതിരെ ലോക രാജ്യങ്ങള്‍ ആയുധ ഉപരോധം കൊണ്ടു വന്നത്. ഇതു പ്രകാരം ഇറാന് വിദേശത്തു നിന്നും ആയുധങ്ങള്‍ വാങ്ങുവാനോ ശേഖരിക്കുവാനോ സാധിക്കില്ല. ഉപരോധം അനിശ്ചിത കാലത്തേക്ക് നീട്ടാനുള്ള യുഎന്‍ രക്ഷാ സമിതി വോട്ടെടുപ്പ് പരാജയപ്പെട്ടിരുന്നു. ഇതോടെ ആയുധ ഉപരോധം ഒക്ടോബര്‍ 18ന് അവസാനിക്കും. ഇത് മേഖലയില്‍ പ്രശ്‌നം കലുഷിതമാക്കുമെന്ന നിലപാടിലാണ് സൗദി അറേബ്യ.

യമനിലെ ഹൂതികളെ ഉപയോഗിച്ചുള്ള നിരന്തര മിസൈല്‍ ആക്രമണ ശ്രമങ്ങളും അരാംകോക്ക് നേരെ നടന്ന ആക്രമണവും ഇതില്‍ സൗദി അറേബ്യ ചൂണ്ടിക്കാട്ടുന്നു. ആയുധ ഉപരോധം നീട്ടണമെന്ന് സൗദി തുടര്‍ച്ചയായി രണ്ടാം മന്ത്രിസഭാ യോഗത്തിലും ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Top