ബോള്‍ട്ടിന്റെ വേഗക്കാലുകളാല്‍ ജമൈക്ക റിലേ ഫൈനലിലേക്ക് ഓടിക്കയറി

ലണ്ടന്‍: ട്രാക്കിനോട് വിടപറയാനൊരുങ്ങുന്ന വേഗതയുടെ രാജാവ് ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ പുരുഷ ടീം ലോക അത്‌ലറ്റിക് മീറ്റിലെ 4×100 മീറ്റര്‍ റിലേയുടെ ഫൈനലില്‍.

രണ്ടാം ഹീറ്റ്‌സിലോടിയ ജമൈക്കന്‍ ടീം ഒന്നാം സ്ഥാനക്കാരായാണ് ഫൈനലിനു യോഗ്യത നേടിയത്.

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 12-ാം സ്വര്‍ണം ലക്ഷ്യമിട്ടാണ് ബോള്‍ട്ട് ഫൈനലിലിറങ്ങുക. ഒപ്പം, 100 മീറ്ററില്‍ കൈവിട്ടുപോയ സ്വര്‍ണം റിലേയില്‍ വീണ്ടെടുത്ത് കരിയര്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. രാത്രി 2.20നാണ് ബോള്‍ട്ടിന്റെ അവസാന മല്‍സരയോട്ടം.

രണ്ടു ഹീറ്റ്‌സിലുമായി മൂന്നാമത്തെ മികച്ച സമയം കുറിച്ചാണ് ജമൈക്കയുടെ ഫൈനല്‍ പ്രവേശം. 37.95 സെക്കന്‍ഡിലാണ് ജമൈക്കന്‍ ടീം ഫൈനലിനു യോഗ്യത നേടിയത്.

വാശിയേറിയ ഒന്നാം ഹീറ്റ്‌സില്‍ ഗ്രേറ്റ് ബ്രിട്ടനെ രണ്ടാമതാക്കി 37.70 സെക്കന്‍ഡില്‍ ഓടിയെത്തിയ യുഎസ് ടീമിന്റേതാണ് ഹീറ്റ്‌സിലെ മികച്ച സമയം. 37.76 സെക്കന്‍ഡോടെ രണ്ടാമതെത്തിയ ബ്രിട്ടനും ഫൈനലിനു യോഗ്യത നേടി. ഫ്രാന്‍സ് (38.03), ചൈന (38.20), ജപ്പാന്‍ (38.21), തുര്‍ക്കി (38.44), കാനഡ (38.48) എന്നീ ടീമുകളും ഫൈനലിനു യോഗ്യത നേടി.

ഫോമിലല്ലാത്ത യൊഹാന്‍ ബ്ലേക്കിനെ ഒഴിവാക്കിയ ജമൈക്ക മൈക്കല്‍ കാംപല്‍, ജൂലിയന്‍ ഫോര്‍ട്ട്, തൈക്വെന്‍ഡോ ട്രേസി എന്നിവരെയാണ് ബോള്‍ട്ടിനൊപ്പം റിലേയില്‍ അണിനിരത്തിയത്.

അവസാന ലാപ്പില്‍ ഉസൈന്‍ ബോള്‍ട്ടന്റെ കൈകളില്‍ ബാറ്റണെത്തുമ്പോള്‍ ഫ്രാന്‍സിനും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്ക. അവസാന ലാപ്പില്‍ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തോടിയ ബോള്‍ട്ട്, ടീമിനെ ഒന്നാം സ്ഥാനക്കാരാക്കി ഫൈനലിലെത്തിച്ചു.

ഗാട്‌ലിനും കോള്‍മാനും ഒന്നിക്കുന്ന അമേരിക്കന്‍ താരങ്ങളാണ് ഫൈനലില്‍ ബോള്‍ട്ടിന്റെയും ജമൈക്കയുടെ സ്വര്‍ണപ്രതീക്ഷകള്‍ക്ക് വെല്ലുവിളി. 100 മീറ്ററില്‍ ബോള്‍ട്ടിനെ മൂന്നാമതാക്കി സ്വര്‍ണവും വെള്ളിയും നേടിയ ഗാട്‌ലിനും കോള്‍മാനും ഫൈനലിലും ബോള്‍ട്ടിനു വെല്ലുവിളി ഉയര്‍ത്താനെത്തും.

ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയം കുറിച്ച യുഎസ് ടീം ഫൈനലിനു മുന്‍പേ ബോള്‍ട്ടിനും ജമൈക്കയ്ക്കും മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു.

Top