മുന്‍വിധിയോടെ, ആരും ആരെയും ക്രൂശിക്കരുത്, സത്യം പുറത്ത് വരണം

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അകറ്റാന്‍ കാര്യക്ഷമമായ അന്വേഷണത്തിന് പൊലീസ് തയ്യാറാകണം. എസ്.വി പ്രദീപ് എന്ന മാധ്യമ പ്രവര്‍ത്തകന്റെ നിലപാടിനോടും ഭാഷയോടും ശക്തമായി വിയോജിക്കുമ്പോള്‍ തന്നെ ആ ജീവന്റെ വില ഒരിക്കലും കാണാതിരിക്കാനാവില്ല. അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തി കഴിഞ്ഞു. ഡ്രൈവറും അറസ്റ്റിലായി, ഇനി അറിയേണ്ടത് വാഹനം ഇടിച്ചതാണോ ഇടിപ്പിച്ചതാണോ എന്നതാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം തന്നെ വേണം. ഡ്രൈവറെ നുണ പരിശോധനക്ക് വിധേയമാക്കാനും പൊലീസ് തയ്യാറാകണം.

പട്ടാപകല്‍ നടന്ന സംഭവമായിട്ടും വാഹനം കണ്ടെത്താന്‍ പൊലീസ് ഏറെ വൈകിയത് വീഴ്ച തന്നെയാണ്. അപകടം നടന്ന സ്ഥലത്ത് നിലവില്‍ ട്രാഫിക് സിസിടിവി ഇല്ല. എതിര്‍വശത്തെ ഒരു കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് ഇതുവരെ പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ നിന്നാണ് ഇടിച്ചിട്ട് കടന്നത് മിനിടിപ്പര്‍ ആണെന്ന് വ്യക്തമായിരിക്കുന്നത്. നഗരത്തിലെ സിസിടിവി ക്യാമറകളുടെ തകരാര്‍ പരിഹരിക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പിന് ഗുരുതര അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് തലസ്ഥാനത്തെ ഏറ്റവും പ്രധാന റോഡില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാര്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ജീവനെടുത്തിരുന്നത്. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്ന് നൂറു മീറ്റര്‍ മാത്രം അകലെ നടന്ന അപകടമായിട്ടും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നും ലഭച്ചിട്ടില്ല.

ഇപ്പോള്‍ എസ്.വി പ്രദീപിന്റെ അപകട മരണത്തിലും പൊലീസിന്റെ ക്യാമറയില്‍ അപകടം പതിഞ്ഞിട്ടില്ല. തലസ്ഥാന നഗരത്തിലെ പൊലീസ് ക്യാമറകള്‍ എല്ലാം കണ്ണടച്ച അവസ്ഥ അപകടമുണ്ടാക്കുന്നവര്‍ രക്ഷപ്പെടാനാണ് വഴി ഒരുക്കുക. ദൃശ്യങ്ങള്‍ ഇല്ലാത്തത് പ്രതികള്‍ക്കാണ് ഒടുവില്‍ കോടതിയില്‍ ഗുണം ചെയ്യുക. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഇനിയെങ്കിലും ഇതിനു പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുകയാണ് വേണ്ടത്. പ്രദീപ് മരണപ്പെട്ട കേസില്‍ ഇപ്പോള്‍ പൊലീസ് കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി തെളിവുകളും ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. അപകടമല്ല കൊലപാതകമാണെന്ന സംശയമാണ് പരക്കെ ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കിലും ഫോണ്‍കോള്‍ വഴിയും, ഭീഷണി ഉണ്ടായിരുന്നതായി പ്രദീപിന്റെ ഭാര്യയും ആരോപിച്ചിട്ടുണ്ട്. അതീവ ഗൗരവമായ കാര്യമാണിത്. അറസ്റ്റിലായ ഡ്രൈവറുടെയും വാഹന ഉടമയുടെയും ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ട്. ഭീഷണി കോളുകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധമായി വിശദമായ അന്വേഷണം തന്നെ അനിവാര്യമാണ്. പ്രദീപിന്റെ വാര്‍ത്താ അവതരണ ശൈലിയും നിലപാടും അദ്ദേഹത്തിന് ശത്രുക്കളെ മാത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അപകട മരണമല്ല ആസൂത്രിതമായ കൊലപാതകമാണെങ്കില്‍ അത് സംസ്ഥാനത്തുണ്ടാക്കാവുന്ന പ്രത്യാഘാതവും വളരെ വലുതായിരിക്കും.

അതേസമയം പൊലീസ് നിഗമനത്തില്‍ എത്തും മുന്‍പ് തന്നെ ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്ന നിലപാട് സ്വീകരിക്കുന്നതും അംഗീകരിക്കാന്‍ കഴിയുകയില്ല. പ്രദീപ് എല്ലാ രാഷ്ട്രീയ നേതാക്കളെയും പാര്‍ട്ടികളെയും പരിധി കടന്ന് തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഇതില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും ബി.ജെ.പിയും എല്ലാം ഉള്‍പ്പെടും. ഒടുവിലെ വീഡിയോയില്‍ ഒരു കേന്ദ്ര മന്ത്രിയെ തന്നെയാണ് അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രം ഈ മരണത്തിന് പിന്നില്‍ ഇവരൊക്കെയാണ് എന്ന നിഗമനത്തില്‍ എത്താന്‍ ഒരിക്കലും കഴിയുകയില്ല. ആദ്യം അപകട മരണമാണോ ആസൂത്രിത കൊലപാതകമാണോ എന്നതാണ് കണ്ടെത്തേണ്ടത്.

വാഹനവും ഡ്രൈവറും കസ്റ്റഡിയിലായ സ്ഥിതിക്ക് ഇനി ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകുമെന്നും ഉറപ്പിക്കാം. സാധാരണ ഗതിയില്‍ ഒരപകടം നടന്നാല്‍ ഡ്രൈവര്‍ ഇക്കാര്യം വൈകിയാണെങ്കില്‍ പോലും പൊലീസിനെ അറിയിക്കുകയോ ഇടിച്ച വാഹനം പൊലീസ് സ്റ്റേഷനിലെത്തിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാല്‍ ഇവിടെ ഇത് രണ്ടും സംഭവിക്കാത്തതാണ് ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥ്യം പുറത്ത് വന്നാലേ ഇതു സംബന്ധമായ രാഷ്ട്രീയ വിവാദങ്ങളും അവസാനിക്കുകയൊള്ളൂ. ഇപ്പോള്‍ തന്നെ മരണം സംബന്ധമായി പരിധി വിടുന്ന അഭിപ്രായ പ്രകടനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. സംശയത്തിന്റെ മുന തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിഭാഗത്തിന്റെ നേര്‍ക്കാണ് പലരും തിരിച്ച് വച്ചിരിക്കുന്നത്.

പ്രദീപിന്റെ മരണം ആഘോഷമാക്കുന്നവരും കുറവല്ല. ഇതൊന്നും തന്നെ ശരിയായ നിലപാടല്ല. മരണത്തിന് പിന്നിലെ ദുരൂഹതയാണ് പുറത്ത് വരേണ്ടത്. ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുകയും വേണം. അതല്ലാതെ ഇത് അവസരമാക്കി തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ക്ക് മേല്‍ പാപക്കറ ചാര്‍ത്താന്‍ ആരും തന്നെ ശ്രമിക്കരുത്. പ്രദീപിന്റെ മരണത്തിനിടയാക്കിയത് എന്ത് തന്നെ ആയാലും അത് പുറത്ത് കൊണ്ടുവരിക തന്നെ വേണം. രാഷ്ട്രീയ കേരളം ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

Top