നയിക്കാൻ ‘പടനായകനില്ലാതെ’ അവർ, പ്രതിപക്ഷം വലിയ പ്രതിരോധത്തിൽ !

തിരഞ്ഞെടുപ്പ് ഒരു യുദ്ധമാണ്. ആ യുദ്ധത്തില്‍ ജയിക്കാന്‍ കരുത്തുറ്റ ഒരു പടനായകന്‍ ആവശ്യമാണ്.

ഇടതുപക്ഷത്തിനുള്ളതും യു.ഡി.എഫിന് ഇല്ലാതെ പോകുന്നതും അതുതന്നെയാണ്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ചെമ്പടയെ നയിക്കുക പിണറായി വിജയനായിരിക്കും.

എന്നാല്‍ യു.ഡി.എഫിനെ ആര് നയിക്കുമെന്ന് പറയാന്‍, ആ മുന്നണിയിലെ ഉന്നത നേതാക്കള്‍ക്ക് പോലും ഇപ്പോഴും കഴിയുന്നില്ല.

ദയനീയമായ അവസ്ഥയാണിത്. തിരഞ്ഞെടുപ്പ് യുദ്ധത്തിന് മുന്‍പ് സ്വന്തം പാര്‍ട്ടിക്കകത്ത് ‘യുദ്ധം’ ചെയ്യേണ്ട അവസ്ഥയിലാണിപ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍.

ഉമ്മന്‍ ചാണ്ടി – ചെന്നിത്തല പോരിനിടയില്‍ നേട്ടമുണ്ടാക്കാന്‍, മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും തക്കം പാര്‍ത്തിരിക്കുന്നുമുണ്ട്.

കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയാണ് നയിച്ചതെങ്കില്‍, ഇത്തവണ ചെന്നിത്തല നയിക്കുമെന്ന് പറയാന്‍ യു.ഡി.എഫ് ഘടകകക്ഷികള്‍ പോലും തയ്യാറല്ല.

ചെന്നിത്തലയെ പോലെ, ഇത്രയും പരാജിതനായ മറ്റൊരു പ്രതിപക്ഷ നേതാവ്, കേരള ചരിത്രത്തില്‍ തന്നെയുണ്ടായിട്ടില്ല.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നാവും, യു.ഡി.എഫിനിപ്പോള്‍ വലിയ ബാധ്യതയാണ്. ശൈലജ ടീച്ചര്‍ക്കെതിരായ പരാമര്‍ശം വലിയ പ്രതിഷേധമാണ് ക്ഷണിച്ച് വരുത്തിയിരിക്കുന്നത്.

യു.ഡി.എഫ് ഘടകകക്ഷികളും നിലവില്‍ വലിയ പ്രതിസന്ധിയിലാണ്.

കേരള കോണ്‍ഗ്രസ്സ് ഫലത്തില്‍ രണ്ട് വിഭാഗമായാണ് യു.ഡി.എഫില്‍ നില്‍ക്കുന്നത്. സീറ്റ് വിഭജനത്തോടെ ഇവര്‍ക്കിടയിലെ പിളര്‍പ്പും പൂര്‍ണ്ണമാകും.

മുസ്ലിം ലീഗും സംഘടനാപരമായി വലിയ വെല്ലുവിളിയാണിപ്പോള്‍ നേരിടുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ടീയ വിഭാഗമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായും, എസ്.ഡി.പി.ഐയുമായും, സഖ്യമാകാനുള്ള നീക്കത്തിനെതിരെ അണികളില്‍ തന്നെ രോഷവും പ്രകടമാണ്. തീവ്ര സംഘടനകളുടെ വോട്ടുകള്‍ വേണ്ടെന്ന് പരസ്യമായി പറഞ്ഞ കെ.എം ഷാജി അടക്കമുള്ളവരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. ഇത്തരത്തില്‍ മുന്‍പ് നിലപാട് കടുപ്പിച്ച മറ്റൊരു യു.ഡി.എഫ് നേതാവ് ആര്യാടന്‍ മുഹമ്മദാണ്.

മുസ്ലിം ലീഗിന്റെ പുതിയ നീക്കത്തോടുള്ള ആര്യാടന്റെ പ്രതികരണമാണ് ഇനി അറിയേണ്ടത്.

പഴയ രൂപത്തില്‍ യു.ഡി.എഫ് ആയി മത്സരിച്ചാല്‍, പൊടി പോലും കാണില്ലന്ന് മുന്നണി നേതൃത്വം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതു കൊണ്ടാണ് തീവ്ര സംഘടനകളെ കൂട്ട് പിടിക്കുന്നത്.

പിണറായിക്ക് ഭരണ തുടര്‍ച്ച ലഭിച്ചാല്‍, യു.ഡി.എഫ് തന്നെ ഇല്ലാതാകുമെന്നാണ് മുന്നണി നേതൃത്വം വിശ്വസിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുന്നണിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. ആ ചരിത്രം ഇടതുപക്ഷം തിരുത്തിയാല്‍ പിന്നെ ഭരണം പിടിക്കുക എന്നത് യു.ഡി.എഫിനെ സംബന്ധിച്ച് ഒരു സ്വപ്നം മാത്രമായാണ് മാറുക. ഇക്കാര്യം നല്ലത് പോലെ അറിയുന്നത് കൊണ്ടാണ് ‘വര്‍ഗ്ഗീയ മുന്നണിയെ’ ആശ്രയിക്കുന്നത്. മുസ്ലിം ലീഗിന്റേയും കോണ്‍ഗ്രസ്സിന്റേയും ഗതികേടാണിത്.

എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും ഓഫര്‍ നല്‍കി കൂടെ നിര്‍ത്താനും, കോണ്‍ഗ്രസ്സിപ്പോള്‍ ചരടുവലിക്കുന്നുണ്ട്.

ummanchandi

ummanchandi

മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ, മുള്‍മുനയില്‍ നിര്‍ത്തിച്ച് തീരുമാനമെടുപ്പിച്ച സംഘടനകളാണിത്.

ഉമ്മന്‍ചാണ്ടിയെ വിറപ്പിച്ച മുഖങ്ങള്‍, പിണറായിക്ക് മുന്‍പില്‍ പക്ഷേ, പേടിച്ചരണ്ടാണിപ്പോള്‍ നില്‍ക്കുന്നത്.

സുകുമാരന്‍ നായരായാലും വെള്ളാപ്പള്ളി ആയാലും പിണറായിക്ക് മുന്നിലെത്തുമ്പോള്‍ ശരിക്കും ഒന്ന് വിറക്കും.

ചുവപ്പ് പ്രത്യേയ ശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്മണ രേഖയാണിത്.

ഈ ‘രേഖ’ ക്രോസ് ചെയ്യാന്‍ സാക്ഷാല്‍ വെള്ളാപ്പള്ളിക്ക് പോലും കഴിയുകയില്ല. ഇടതു സഹകരണത്തിന്റെ നേട്ടം, കേസുകളില്‍ കിട്ടില്ലന്ന് ഉറപ്പായതോടെയാണ്, ഇപ്പോള്‍ വെള്ളാപ്പള്ളിയും ചുവട് മാറ്റിയിരിക്കുന്നത്.

എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ സെക്രട്ടറി മഹേഷന്റെ മരണം, സി.ബി.ഐ അന്വേഷിക്കണമെന്നതാണ് അദ്ദേഹത്തിന്റെ പുതിയ ആവശ്യം.

ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട്, മഹേശന്റെ കുടുംബം മുഖ്യമന്ത്രിയെ കാണുന്നതിന് മുന്‍പാണ്, ഒരു മുഴം മുന്‍പേ വെള്ളാപ്പള്ളി ഇങ്ങനെ എറിഞ്ഞിരിക്കുന്നത്. പിണറായിയുടെ പൊലീസിനേക്കാള്‍ വെളളാപ്പളളിക്ക് നിലവില്‍ വിശ്വാസം അമിത് ഷായുടെ സിബിഐയെയാണ്. ബിഡിജെഎസ്, ബിജെപി മുന്നണിയില്‍ തുടരുന്നിടത്തോളം ‘കോട്ടം’ തട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഈ കരുനീക്കം.

വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന കെ കെ മഹേശനെ, ജൂണ്‍ 24നാണ് കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് മഹേശനെ ചോദ്യം ചെയ്തിരുന്നു. യൂണിയന്‍ നേതൃത്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും, വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും, എഴുതിവെച്ച കത്തില്‍ മഹേശന്‍ ആരോപിച്ചിട്ടുണ്ട്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കും മറ്റ് ഭാരവാഹികള്‍ക്കും, മഹേശന്‍ അയച്ച 32 പേജുള്ള കത്തും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത് മുതലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ കത്തില്‍ അക്കമിട്ട് നിരത്തുന്നത്. ഇതോടൊപ്പം ജൂണ്‍ മാസം ഒമ്പതിന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിക്ക് മഹേശന്‍ അയച്ച കത്തും പുറത്തായിട്ടുണ്ട്. വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുത മനോഭാവമാണെന്നും പല യൂണിയനുകളില്‍ നടന്ന മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുകളില്‍, ചിലര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും മഹേശന്‍ കത്തില്‍ ആരോപിച്ചിട്ടുണ്ട്.

കണിച്ചുകുളങ്ങര യൂണിയനിലെ 37 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ പലവട്ടം വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്ന ഗുരുതര ആരോപണവും ഈ കത്തിലുണ്ട്. തന്റെ കുടുംബം ജപ്തിയുടെ വക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് പദ്ധതിയുടെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു മഹേശന്‍. വെള്ളാപ്പള്ളിയും കെ കെ മഹേശനും ഇതുസംബന്ധമായ ഏഴ് കേസുകളില്‍ പ്രതികളാണ്.

മഹേശന്റെ മരണത്തില്‍ ഉത്തരവാദി വെള്ളാപ്പള്ളി നടേശനാണെന്ന് ആരോപിച്ച്, എസ്എന്‍ഡിപി സംരക്ഷണ സമിതിയും രംഗത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബം ആഗ്രഹിക്കുന്നതും സമഗ്രമായ ഒരന്വേഷണമാണ്. ഇക്കാര്യത്തില്‍ വെളളാപ്പളളിയുടെ താല്‍പ്പര്യപ്രകാരമുളള അന്വേഷണമല്ല, മഹേശന്റെ കുടുംബത്തിന്റെ താല്‍പ്പര്യപ്രകാരമുളള അന്വേഷണമാണ് നടക്കേണ്ടത്. അതിന് ആവശ്യമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.

Express View

Top