കൊറോണ രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ ദക്ഷിണേന്ത്യ മുന്നില്‍; കേരളം ഒന്നാമത്

ന്യൂഡല്‍ഹി: കൊറോണ വൈറസില്‍ നിന്ന് രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ മറ്റുള്ളവരേക്കാള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഡല്‍ഹിയും മുന്നിട്ട് നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

രാജ്യത്ത് രോഗമുക്തി നേടിയവരുടെ നിരക്കില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് നമ്മുടെ ഈ കൊച്ചു കേരളം. 73.74 ശതമാനമാണ് കേരളത്തിലെ രോഗമുക്തി നേടിയവരുടെ നിരക്ക്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 40.63 ശതമാനവും കര്‍ണാടകയില്‍ 31.82 ശതമാനവും തെലങ്കാനയില്‍ 20.52 ശതമാനവും ആന്ധ്രപ്രദേശില്‍ 14.76 ശതമാനവുമാണ് രോഗമുക്തി നേടിയവരുടെ നിരക്ക്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 32.2 ശതമാനം പേരും സുഖംപ്രാപിച്ചിട്ടുണ്ട്.

അതേ സമയം ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ നിരക്ക് 15 ശതമാനത്തിനും താഴെയാണ്. ഇതില്‍ ഗുജറാത്താണ് ഏറ്റവും പിന്നിലുള്ളത്. അതേ സമയം ഈ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണവും കൂടുതലാണ്. 7.5 ശതമാനം ആളുകള്‍ മാത്രമാണ് ഗുജറത്തില്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

മധ്യപ്രദേശില്‍ 9.29 ശതമാനവും രാജസ്ഥാനില്‍ 12.17 ശതമാനവും ആള്‍ക്കാരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്.

മഹാരാഷ്ട്രയില്‍ 13.95 ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമേ രോഗംഭേദമായിട്ടുള്ളൂ. രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഗുജറാത്താണ് രണ്ടാമത്.

6430 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 840 പേരും 2624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 258 പേരുമാണ് സുഖംപ്രാപിച്ചത്.

447 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാകാട്ടെ 324 പേരാണ് ഇതുവരെ ആശുപത്രി വിട്ടത്.

അതേ സമയം രോഗംഭേദമാകുന്നവരുടെ കണക്കില്‍ ആഗോള ശരാശരിയേക്കാള്‍ പിന്നിലാണ് ഇന്ത്യ. 27.35 ശതമാനമാണ് ആഗോള ശരാശരി. ഇന്ത്യയില്‍ 19.9 ശതമാനമാണ് രോഗംഭേദമാകുന്നവരുടെ കണക്ക്. യുഎസില്‍ ഇത് 9.90 ശതമാനം മാത്രമാണ്. ചൈനയില്‍ 93.24 ശതമാനവും ജര്‍മനിയില്‍ 68.53 ശതമാനവുമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്.

Top