With eye on China, India seeks 100 armed drones from US

വാഷിങ്ടണ്‍ : അമേരിക്കയില്‍ നിന്ന് 100 ആളില്ലാ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയുടെ നീക്കം. എതിരാളിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ആക്രമണം നടത്താനും ശേഷിയുള്ള പുതിയ അവഞ്ചെര്‍ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യം മുന്‍നിര്‍ത്തിയാണിത്.

ചൈനീസ് പട്ടാളത്തിന്റെ തുടര്‍ച്ചയായ കടന്നുകയറ്റങ്ങള്‍ പ്രതിരോധിക്കുകയാണ് മുഖ്യലക്ഷ്യം. ആഭ്യന്തരസുരക്ഷയും ഭീകരാക്രമണ ഭീഷണിയും മുന്‍നിര്‍ത്തി കാവല്‍ നിരീക്ഷണത്തിനായി വിദൂരനിയന്ത്രിത പ്രിഡേറ്റര്‍ എക്‌സ്പി ഇനത്തിലെ ആളില്ലാ വിമാനങ്ങളും ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്.

100 ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി രണ്ടു ബില്യന്‍ ഡോളര്‍ (ഏകദേശം 13,000 കോടി രൂപ) ചെലവു വരും. ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അമേരിക്കന്‍ സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ ഇന്ത്യയ്ക്ക് വിമാനങ്ങള്‍ വാങ്ങാനാവു.

ഇന്ത്യയുടെ ആവശ്യത്തോട് അമേരിക്കന്‍ സര്‍ക്കാര്‍ ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഏതാനും മാസത്തിനകം ഡ്രോണ്‍ ഇടപാടു വിജയകരമായി നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് ആശയവിനിമയങ്ങള്‍ നടത്തുന്നത്.

സൈനികശക്തിയിലും അത്യാധുനിക സംവിധാനങ്ങളുടെ ശേഖരണത്തിലും ലോകത്ത് വന്‍കിട ശക്തിയാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അമേരിക്കക്ക് പുറമേ റഷ്യ, ജപ്പാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യക്ക് നിലവില്‍ ആയുധ ഇടപാടുകളുണ്ട്.

Top