പാകിസ്ഥാന്റെ ‘തീക്കളി’ 15 വര്‍ഷത്തെ ഉയരത്തില്‍; 2019ല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് 3200 തവണ

പാകിസ്ഥാനുമായി പങ്കിടുന്ന നിയന്ത്രണരേഖയില്‍ ഈ വര്‍ഷം 3200 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ രേഖപ്പെടുത്തി ഇന്ത്യ. ദിവസേന വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ നടപടിക്ക് ഇന്ത്യന്‍ സൈന്യം കൃത്യമായ തിരിച്ചടിയും നല്‍കിവരുന്നു. ഇതോടെ ആര്‍ട്ടിലറി തോക്കുകളും, ആന്റിടാങ്ക് ഗൈഡഡ് മിസൈലുകളും പ്രയോഗിക്കപ്പെടുന്നുണ്ട്.

‘778 കിലോമീറ്റര്‍ വരുന്ന നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ പതിവായി തുടരുന്നു. പ്രധാന പോരാട്ടങ്ങള്‍ അഖ്‌നൂര്‍, പൂഞ്ച്, ഉറി, കെരാന്‍ മേഖലകളിലാണ് അരങ്ങേറുന്നത്. ഇരുഭാഗത്തും നഷ്ടങ്ങള്‍ സംഭവിക്കുന്നു. ഡിസംബര്‍ 25ന് നമുക്ക് ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറെ രാംപൂരില്‍ നഷ്ടമായപ്പോള്‍ പാകിസ്ഥാന് രണ്ട് സൈനികരെ നഷ്ടമായി’, ഒരു മുതിര്‍ന്ന ഓഫീസര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച പൂഞ്ച്‌രജൗരി മേഖലകളില്‍ പാക് സൈന്യം വെടിയുതിര്‍ത്തപ്പോള്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് സൂചനയെങ്കിലും ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ബങ്കറുകള്‍ക്ക് നേരെ നടക്കുന്ന വെടിവെപ്പിന് ഇടയിലേക്ക് സാധാരണക്കാര്‍ വന്ന് കുടുങ്ങുന്നത് പതിവ് കാഴ്ചയാണ്. ആഗസ്റ്റ് 5ന് മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയത് മുതല്‍ സംഘര്‍ഷം രൂക്ഷമായി.

ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 3200 വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ 1600 എണ്ണവും കഴിഞ്ഞ അഞ്ച് മാസത്തിലാണ് നടന്നത്. ജമ്മു കശ്മീരിലേക്ക് പരമാവധി ഭീകരരെ കടത്തിവിടാനാണ് മഞ്ഞ് പെയ്യുന്ന സമയങ്ങളില്‍ പാക് സൈന്യവും, ഐഎസ്‌ഐയും ചേര്‍ന്ന് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. ഇന്ത്യ തിരിച്ചടി ശക്തമാക്കിയതോടെ നുഴഞ്ഞുകയറ്റം കുറഞ്ഞെങ്കിലും വെടിനിര്‍ത്തല്‍ ലംഘനം ശക്തമായി തുടരുകയാണ്

Top