ആഭിചാരക്കൊല, മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

ചിറ്റൂര്‍: ആന്ധ്രപ്രദേശിൽ ആഭിചാരത്തിന്‍റെ ഭാഗമായി രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്ന മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകകുറ്റമാണ് ഇരുവർക്കും ചുമത്തിയത്. അമ്മ പദ്മജ വിചിത്രമായ രീതിയിലാണ് പെരുമാറുന്നതെന്നും പൊലീസ് പറയുന്നു. ഇരുവരുടെയും മാനസിക നിലയും പരിശോധിക്കും. ഞായറാഴ്ചയാണ് പെണ്മക്കൾ രണ്ടുപേരെയും താന്ത്രിക പൂജയുടെ ഭാഗമായി ദമ്പതികൾ തലക്കടിച്ചു കൊന്നത്.

ആന്ധ്രയിലെ മാദനപല്ലേയ്ക്ക് സമീപമുള്ള ശിവ് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ചിറ്റൂർ സ്വദേശികളായ പദ്മജയും ഭർത്താവ് പുരുഷോത്തമും ചേർന്നാണ് മക്കളായ ആലേഖ്യയെയും സായി ദിവ്യയെയും കൊലപ്പെടുത്തിയത്. അധ്യാപക ദമ്പതികളുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. ഡം ബെല്‍ പോലുള്ള മൂര്‍ച്ചയില്ലാത്ത വസ്തുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്.

Top