ശൈത്യകാല ഒളിമ്പിക്സിൽ അമേരിക്കൻ പ്രസിഡന്റിനെ ട്രോളി ഡച്ച് സംഘം

DUCH-TROL

പ്യോങ്ചാങ്:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ട്രോളുമായി ഡച്ച് സംഘം. ട്രംപിന്റെ ‘അമേരിക്ക ആദ്യം’ നയത്തെയാണ് ശൈത്യകാല ഒളിമ്പിക്സിൽ വനിതകളുടെ 3000 മീറ്റർ സ്പീഡ് സ്കേറ്റിങ്ങിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയതോടെ നെതർലൻഡ്സുകാർ ട്രോളിയത്.

കാർലിജ്ൻ അച്ച്ടെറീക്ടെ, ഐറീൻ വസ്റ്റ്, അന്റോയ്നെറ്റെ ഡെ ജോങ് എന്നിവരാണു യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയത്. ഇതേത്തുടർന്ന് നെതർലൻഡ്സിന്റെ പതാകയിൽ ‘ക്ഷമിക്കണം മിസ്റ്റർ പ്രസിഡന്റ്. നെതർലൻഡ്സ് ആണ് ഒന്നാമതും രണ്ടാമതും മൂന്നാമതും’ എന്നെഴുതിയാണ് മൂവരും രംഗത്തെത്തിയത്.

ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ട്രംപിനെതിരെ ട്രോൾ ഒഴുകുകയായിരുന്നു. ശൈത്യകാല ഒളിംപിക്സിന്റെ മൂന്നാം ദിവസം രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി പോയിന്റ് പട്ടികയിൽ നെതർലൻഡ്സ് മൂന്നാം സ്ഥാനത്താണ്. രണ്ടു സ്വർണവും ഒന്നു വീതം വെള്ളിയും വെങ്കലവുമായി അമേരിക്ക അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

അമേരിക്കയെ എല്ലാക്കാര്യത്തിലും ]ഒന്നാമത് എത്തിക്കണമെന്ന ട്രംപിന്റെ നയത്തിനെതിരെ ആഗോളതലത്തിൽ വിമർശനം ഉയർന്നിരുന്നു. ഇതിനോടുള്ള പ്രതിഷേധ സൂചകമെന്നോണമാണ് ശൈത്യകാല ഒളിംപിക്സിലെ ‘ഡച്ച് ട്രോൾ’.

Top